തലപ്പത്തേക്ക് ഇനി ആര്? കെപിസിസി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ്

സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ്. നേതാക്കളുമായി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷികൂടിക്കാഴ്ച നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് നേതാക്കൾ രംഗത്ത് വന്നതോടെയാണ് ഒറ്റ പേരിലേക്ക് എത്താൻ ചർച്ചകൾ തുടങ്ങിയത്. വിദേശത്തുള്ള രാഹുൽ ഗാന്ധി മടങ്ങി എത്തിയ ശേഷമാകും അന്തിമ തീരുമാനം.
സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയായതോടെ കെപിസിസിക്ക് നാഥനില്ലാത്ത അവസ്ഥയെന്ന് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇരട്ട പദവി വഹിക്കാൻ പ്രയാസമുണ്ടെന്ന് സണ്ണി ജോസഫും നേതൃത്വത്തെ അറിയിച്ചതാണ്. എന്നാൽ അധ്യക്ഷനെ കണ്ടെത്താൻ സജീവമായ നീക്കം നടന്നിരുന്നില്ല. അവകാശവാദമുന്നയിച്ച് മുതിർന്ന നേതാക്കൾ അടക്കം രംഗത്ത് വരികയും ചെയ്തു.
കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിട്ട് കണ്ട് ആവശ്യം ഉന്നയിച്ചതാണ്. ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ജോസഫ് വാഴയ്ക്കനെ അധ്യക്ഷനാക്കണമെന്ന് നേരത്തെ രമേശ് ചെന്നിത്തലയും ഉപാധി വച്ചിരുന്നു. യോഗ്യനെന്ന വാദം ഉയർത്തി രാജ്മോഹൻ ഉണ്ണിത്താനും രംഗത്തുണ്ട്.
ഇതിനൊപ്പമാണ് ആൻ്റോ ആൻ്റണി, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ എന്നീ പേരുകളും ഉയർന്ന് കേൾക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതോടെ പാർട്ടി അധ്യക്ഷ സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ പക്ഷവും സജീവമായുണ്ട്. ഇത് സൂചിപ്പിക്കുന്നതായിരുന്നു നിലവിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിൻ്റെ പ്രതികരണം.
അതേസമയം, പാർട്ടിയിലും പിടി മുറുക്കുന്നതിനായി സതീശൻ പക്ഷവും നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. അധ്യക്ഷനൊപ്പം രണ്ട് വർക്കിങ് പ്രസിഡൻ്റുമാരെയും തീരുമാനിക്കേണ്ടതുണ്ട്. എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാർ ആയതോടെയാണ് ഈ പദവികളിലേക്കും ചർച്ചകൾ നടത്തുന്നത്. ഗ്രൂപ്പുകൾക്കൊപ്പം സമുദായ സമവാക്യവും പരിഗണിക്കും.
അതിനാൽ മാരത്തൺ ചർച്ചകൾക്ക് ശേഷം മാത്രമാകും അധ്യക്ഷനെ പ്രഖ്യാപിക്കുക. കെപിസിസി പ്രസിഡൻ്റിനെ തീരുമാനിച്ച ശേഷം, ബോർഡ്-കോർപ്പറേഷൻ വിഭജനം നടത്തും. ബോർഡുകളും, കോർപ്പറേഷനുകളും പുനഃസംഘടിപ്പിക്കുമ്പോൾ പ്രധാന്യം നൽകണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെടുന്നുണ്ട്.



























































































































