ഏലക്കാ വില താഴേക്ക്; ആശങ്കയോടെ കര്‍ഷകര്‍
കട്ടപ്പന: ഉണര്‍വ് പ്രതീക്ഷിച്ച ഏലയ്ക്കാ വില താഴേക്ക് പോകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. നിലവില്‍ 800 മുതല്‍ 1000 രൂപവരെയാണ് ഒരു കിലോ ഏലക്കായ്ക്ക് വില ലഭിക്കുന്നത്. കര്‍ഷകരുടെ ഏലക്കാ പൊതു വിപണിയില്‍ 900 രൂപയ്ക്ക് താഴെയാണ് വിറ്റു പോകുന്നത്. സ്‌പൈസസ് ബോര്‍ഡ് കഴിഞ്ഞ ദിവസം നടത്തിയ ഇ ലേലത്തിലും ശരാശരി വില 1000ത്തില്‍ താഴെയായിരുന്നു. 26ന് നടന്ന ഹെഡര്‍ സിസ്റ്റംസ് നടത്തിയ ഇ ലേലത്തില്‍ 982 രൂപയായിരുന്നു ശരാശരി വില. അന്നേ ദിവസം ഉച്ചകഴിഞ്ഞ് നടന്ന ഗ്രീന്‍ഹൗസ് കാര്‍ഡമം കമ്പനിയുടെ രണ്ടാമത്തെ ഇ ലേലത്തില്‍ ശരാശരി വില 979ല്‍ ഒതുങ്ങി. ഹെഡര്‍ സിസ്റ്റംസിന്റെ ലേലത്തില്‍ ലഭിച്ച 1377 രൂപയാണ് പരമാവധി വില.
സ്‌പൈസസ് ബോര്‍ഡ് ഇ ലേലത്തില്‍ ലഭിക്കുന്ന വിലയിലും ഏറെ താഴെയാണ് കര്‍ഷകര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നത്. നിലവാരം അനുസരിച്ച് വീണ്ടും വിലയില്‍ കച്ചവടക്കാര്‍ മാറ്റം വരുത്തുകയും ചെയ്യും. ഇതേ ഏലക്കാ കര്‍ഷകര്‍ ലേലത്തിനു വക്കുമ്പോള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ ഏലത്തിനു മഞ്ഞ നിറവും അഴുകലും വ്യാപകമായതോടെ കായുടെ തൂക്കത്തിലും വലിയ കുറവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷം മഴ ആവശ്യത്തിനു ലഭിച്ചുവെങ്കിലും തുടര്‍ച്ചയായി നില്‍ക്കുന്ന മഴ ഏലച്ചെടികള്‍ അഴുകുന്നതിനും കാരണമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ച് മേഖലയിലെ ഏലച്ചെടികളില്‍ വ്യാപകമായി കൊഴിഞ്ഞു പോക്കും ഇത്തവണ കണ്ടു വരുന്നുണ്ട്.
അതേസമയം ഉത്സവ സീസണായ നവംബര്‍ അടുക്കുമ്പോഴും ഏലക്കാ വില ഉയരാത്തതാണ് കര്‍ഷകര്‍ക്ക് ആശങ്കയാകുന്നത്. വില ഉയരുമെന്ന പ്രതീക്ഷയില്‍ നിരവധി കര്‍ഷകരാണ് ഏലക്കാ വില്‍ക്കാതെ സൂക്ഷിച്ചിരിക്കുന്നത്. സാധാരണയായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഏലക്കായ്ക്ക് മികച്ച വില ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ നവംബറിനോട് അടുക്കുമ്പോള്‍ വില താഴേക്ക് പോരുന്നതായിട്ടാണ് കണ്ടു വരുന്നത്. ഇതോടെ സീസണില്‍ നഷ്ടമുണ്ടാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.