ടെലിഗ്രാമിന് തിരിച്ചടി: നിരോധനം തുടരും; കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

താത്ക്കാലിക നിരോധനം നീക്കാനുള്ള ഹർജിയിൽ ടെലിഗ്രാമിന് തിരിച്ചടി. കേന്ദ്രസർക്കാർ നടപടിക്ക് എതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിരോധനം എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച് ആയിരിക്കും വിധി പ്രസ്താവിച്ചത്. ഇന്നലെ ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാർ ശക്തമായ വാദങ്ങൾ ഉന്നയിച്ചിരുന്നു.
താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ഉത്തരവ് എല്ലാം നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ളതെന്ന് കോടതി വ്യക്തമാക്കി. 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ടെന്ന് കോടതി. അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ നടപടികൾ ഏറ്റവും ചെറിയ നിയന്ത്രണങ്ങളാണെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോം ടെലിഗ്രാം എന്നും മറ്റൊരു ഡാർക്ക് വെബ്ബാണ് ടെലിഗ്രാം എന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. ഒരാളെ സംരക്ഷിക്കുന്നതിന് വേണ്ടി മറ്റൊരാളുടെ അവകാശം തടയാൻ ആകുമോ എന്ന ചോദ്യവും കോടതി കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. ടെലിഗ്രാമിന്റെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങൾ കേട്ടശേഷമാണ് കോടതി ഉത്തരവ് പറഞ്ഞത്.







































































































