മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വണ്ടിപ്പെരിയാറില്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നു
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് ജില്ലാ ഭരണ കൂടം സ്വീകരിച്ച് വരുന്നത്. തീരദേശവാസികളായ 883 കുടുംബങ്ങളെയാണ് ആകെ മാറ്റി പാര്‍പ്പിയ്‌ക്കേണ്ടി വരിക. പീരുമേട് താലൂക്കിലെ മഞ്ചുമല, പെരിയാര്‍, ഉപ്പുതറ, ഏലപ്പാറ വില്ലേജുകളിലേയും ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വില്ലേജുകളിലേയും ഉടുമ്പന്‍ചോല താലൂക്കിലെ ആനവിലാസം വില്ലേജിലേയും തീര ദേശ വാസികളേയുമാണ് മാറ്റി പാര്‍പ്പിയ്‌ക്കേണ്ടി വരുന്നത്. 2018ലെ സാഹചര്യം ഇല്ലെങ്കിലും, പ്രളയകാലത്ത് മാറ്റി പാര്പ്പിച്ച മുഴുവന്‍ കുടുംബങ്ങളേയും ക്യാമ്പുകളിലേയ്ക്ക് മാറ്റാണ് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്.
വയോധികര്‍, ആരോഗ്യ പ്രശ്‌നങ്ങള് ഉള്ളവര്‍, അംഗപരിമിതര്‍, കോവിഡ് ബാധിതര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ക്യാമ്പുകള്‍ ഒരുക്കേണ്ട കേന്ദ്രങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഓരോ വകുപ്പുകളുടേയും നേതൃത്വത്തില്‍ നടക്കുന്ന മുന്‍കരുതലുകള്‍ യോഗം വിലയിരുത്തി. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ആര്‍ടിഓ എംകെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പോലിസ്, ഫയര്‍ഫോഴ്‌സ്, റവന്യു, വനം, കെഎസ്ഇബി, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.