12 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി ഇടുക്കി പോലീസിന്റെ പിടിയിൽ

തമിഴ്നാട് തേനി ജില്ലയിൽ വരശനാട് മയിലാടുംപാറ സ്വദേശി സുരേഷ് (38) ആണ് പിടിയിലായത്. 2014 ജൂൺ 24ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പെട്രോളിയം ഉൽപ്പന്നമായ 47 ബാരൽ ടാർ, അനധികൃതമായി കൊല്ലത്തേയ്ക്ക് ലോറിയിൽ കടത്തി കൊണ്ട് പോയതിനെ തുടർന്ന് അറസ്റ്റിലാകുകയും, ജാമ്യം കിട്ടിയശേഷം ഒളിവിൽ പോകുകയുമായിരുന്നു. 12 വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ. എം. സാബു മാത്യു ഐ പി എസ്- ന്റെ നിർദ്ദേശപ്രകാരം ഇടുക്കി പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥൻ രൂപീകരിച്ച സ്ക്വാഡാണ് പിടികൂടിയത്. ഇടുക്കി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിജു എൻ കെ, സിവിൽ പോലീസ് ഓഫീസർമാരായ സനൽ സോമൻ, അനീഷ് രാജു എന്നിവർ തമിഴ്നാട്ടിലെ തേനി ജില്ലയിലെ മയിലാടുംപാറയിൽ വച്ച് പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. മയിലാടുംപാറ പോലീസിന്റെ സഹായത്തോടു കൂടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







































































































