ഓരോ പച്ചക്കറിയും നടേണ്ടതെപ്പോൾ? നല്ല വിളവ് കിട്ടാൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ, ഫലം ഉറപ്പ്!

‘ഓരോന്നിനും അതിന്റെ സമയമുണ്ട് ദാസാ’ എന്ന ശ്രീനിവാസന്‍ ഡയലോഗ് പച്ചക്കറിക്കൃഷിക്കും ബാധകം. ചീരയാണല്ലോ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഇലക്കറി. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള തീവ്ര മഴക്കാലമൊഴികെ ഏതു സമയത്തും ചീര നടാം. പകല്‍ ദൈര്‍ഘ്യം കുറഞ്ഞുവരുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിത്ത് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൃഷ്ണശ്രീ, രേണുശ്രീ ഇനങ്ങൾ ഈ സീസണിൽ ഒഴിവാക്കണമെന്നു മാത്രം. അരുൺ, വ്ലാത്തങ്കര ഇനങ്ങൾ തന്നെയാണ് ചുവന്ന ചീരയിലെ താരങ്ങള്‍.
15 മുതല്‍ 20 ദിവസം വരെ പ്രായമായ തൈകള്‍ 20 സെ.മീ. അകലത്തില്‍ നടുക. നടും മുൻപ് ചീരത്തൈകളുടെ വേര് സ്യൂഡോമോണാസ് ലായനിയില്‍ (25 ഗ്രാം 75 മില്ലി വെള്ളത്തില്‍ കലക്കിയത്) ഒരു മണിക്കൂര്‍ മുക്കി വച്ച് നടുന്നത് ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കും. പച്ചമുളക് നടാന്‍ ഏറ്റവും യോജ്യമായ കാലം മേയ്- സെപ്റ്റംബര്‍, ഡിസംബര്‍- ജനുവരി മാസങ്ങളാണ്. ജ്വാലാമുഖി, ജ്വാലാസഖി, മഞ്ജരി, ഉജ്വല, അനുഗ്രഹ, അതുല്യ എന്നിവ ഉൽപാദനശേഷി കൂടിയ ഇനങ്ങള്‍. 20 മുതല്‍ 25 ദിവസം വരെ പ്രായമുള്ള തൈകള്‍ ഒന്നരയടി അകലത്തില്‍ നടാം.
ജനുവരി- ഫെബ്രുവരി, മേയ്-ജൂണ്‍, സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങൾ വഴുതന നടാന്‍ യോജ്യം. സൂര്യ, ശ്വേത, ലോങ് എന്നിവ വഴുതനയിലെ അത്യുല്‍പാദനക്കാര്‍. തൈകള്‍ തമ്മില്‍ രണ്ടരയടി അകലം നല്‍കിയാല്‍ നന്നായി സൂര്യപ്രകാശം ലഭിക്കുകയും ചെടികള്‍ കരുത്തോടെ വളരുകയും ചെയ്യും. നന്നായി കായ്ച്ചുകഴിഞ്ഞ ശേഷം ചെടി 10സെ.മീ. ഉയരത്തില്‍ വച്ച് പ്രൂണ്‍ ചെയ്തു വീണ്ടും വളം ചെയ്താല്‍ കുറച്ചു നാള്‍ കൂടി വിളവെടുക്കാം. ശക്തി, മുക്തി, അനഘ എന്നിവയാണ് തക്കാളിയിലെ മികച്ച ഇനങ്ങള്‍. തക്കാളിവിത്തിൽ തുല്യ അളവ് സ്യൂഡോമോണാസ് പുരട്ടി നട്ടാല്‍ വാട്ടരോഗത്തെ പ്രതിരോധിക്കാം. 25 ദിവസം പ്രായമായ തൈകള്‍ 2 അടി അകലമിട്ട് നടാം. നടുമ്പോള്‍ത്തന്നെ തക്കാളിത്തൈകള്‍ക്ക് താങ്ങുകാല്‍ കൊടുക്കുന്നത് വളർച്ചയുടെ കരുത്തു കൂട്ടും.
എല്ലാക്കാലത്തും കൃഷി ചെയ്യാമെന്നത് പയറിന്റെ മാത്രം മെച്ചം. മല്ലിക, ശാരിക, വരുണ്‍, അനശ്വര, കൈരളി, ഭാഗ്യലക്ഷ്മി, ശുഭ, വൈജയന്തി എന്നിവരാണ് പയറിലെ പ്രമാണിമാര്‍. വരികള്‍ തമ്മില്‍ ഒന്നരയടി അകലവും വരിയില്‍ അരയടി അകലവും മതി പയറിന്. 75 മില്ലി വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണാസ് കലര്‍ത്തിയ ലായനിയിൽ 24 മണിക്കൂര്‍ വേരുകൾ മുക്കിവച്ചാല്‍ ഗുണം കൂടും.
ഫെബ്രുവരി- മാര്‍ച്ച്, ജൂണ്‍- ജൂലൈ, ഒക്ടോബര്‍- നവംബര്‍ മാസങ്ങളാണ് വെണ്ട നടാന്‍ യോജ്യം. അഞ്ജിത, മഞ്ജിമ, സല്‍കീര്‍ത്തി, സുസ്ഥിര, കിരണ്‍, അരുണ, അര്‍ക്ക, അനാമിക എന്നിവ നല്ല വെണ്ടയിനങ്ങള്‍. നടുമ്പോൾ വരികള്‍ തമ്മില്‍ രണ്ടടി അകലവും രണ്ട് ചെടികള്‍ തമ്മില്‍ ഒരടി അകലവും വേണം.
വെള്ളരിവര്‍ഗയിനങ്ങളുടെ കാര്യത്തിൽ ജനുവരി-മാര്‍ച്ച്, ഏപ്രില്‍- ജൂണ്‍, ജൂണ്‍-ഒാഗസ്റ്റ്, സെപ്റ്റംബര്‍- ഡിസംബര്‍ എന്നിവ നടീൽക്കാലമാണ്. 2 മീറ്റര്‍ അകലത്തില്‍ തടമെടുക്കുന്നത് പ്രധാനം. മത്തന്‍വണ്ടിനെ പ്രതിരോധിക്കാനായി ബ്യൂവേറിയ ബാസിയാന എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി തടം കുതിര്‍ക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ ബ്യൂവേറിയയും മെറ്റാറൈസിയയും മാറി മാറി പ്രയോഗിക്കാം. തുടക്കത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുളച്ചുവരുന്ന തൈകള്‍ പൂര്‍ണമായും നശിപ്പിക്കാന്‍ മത്തന്‍വണ്ടിനും അതിന്റെ പുഴുക്കള്‍ക്കും സാധിക്കും. വള്ളി അമരയും ചതുരപ്പയറും ഏതു സമയത്തും നടാമെങ്കിലും പകല്‍ ദൈര്‍ഘ്യം കുറഞ്ഞു വരുന്ന സീസണില്‍ മാത്രമേ പൂക്കുകയും കായ്ക്കുകയും ചെയ്യൂ.






































































































