San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
ആരോഗ്യംപ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മഴക്കാലരോഗങ്ങളെ കരുതിയിരിക്കാം



മഴക്കാലം സാoക്രമികരോഗങ്ങളുടെയും ജന്തുജന്യരോഗങ്ങളുടെയും കാലമാണ്. വൈറല്‍ പനിയും വ്യാപകമായി ഉണ്ടാകാറുണ്ട്. കാലാവസ്ഥമാറ്റം ഇത്തരം രോഗങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനി രോഗലക്ഷണം ആയതിനാല്‍, യഥാസമയം ചികിത്സ തേടാതിരുന്നാല്‍ ഇത് മരണകാരണമാകാറുണ്ട്.

ജലദോഷം, വിവിധ പനികള്‍ ജലജന്യരോഗങ്ങള്‍ എന്നിവ ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു

എലിപ്പനി

മഴക്കാലത്ത് ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ള രോഗമാണ് എലിപ്പന. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴിയാണ് രോഗാണു മണ്ണിലും വെള്ളത്തിലും എത്തുന്നത്. മുറിവുകളിലൂടെ രോഗാണു ശരീരത്തിലെത്തുകയും എലിപ്പനി ഉണ്ടാക്കുകയും ചെയ്യുന്നു. വയലില്‍ പണിയെടുക്കുന്നവര്‍, കനാല്‍, കുളങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, കന്നുകാലി പരിപാലനത്തില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മീന്‍പിടിക്കുന്നവര്‍, തുടങ്ങിയവരില്‍ എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ രണ്ട് ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുക. എല്ലാസര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭ്യമാണ്.


ഡെങ്കിപ്പനി

മഴക്കാലത്ത് ഉണ്ടാകുന്ന പ്രധാന കൊതുക് ജന്യരോഗമാണ് ഡെങ്കിപ്പനി. വീടിനുള്ളിലും വീടിന്റെ പരിസരത്തും ഉള്ള ചെറിയ അളവ് വെള്ളത്തില്‍ പോലും മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അലങ്കാര ചെടികള്‍ വെള്ളത്തില്‍ വളര്‍ത്തുന്ന പാത്രങ്ങള്‍, ചെട്ടിചെടിച്ചട്ടിയുടെ അടിയിലെ ട്രെ, ഫ്രിഡ്ജിന്റെ പിറകുവശത്തെ ട്രെ, എസി മെഷീന്റെ അടിയിലെ ട്രെ , വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ ഇവയൊക്കെ വീടിനുള്ളില്‍ കൊതുക് മുട്ടയിട്ട് വളരുന്ന ഇടങ്ങളാണ്. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും കളയണം. വീടിനു പുറത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ട, കളിപ്പാട്ടങ്ങള്‍, പാത്രങ്ങള്‍, കുപ്പികള്‍, ഉപേക്ഷിച്ച ടയറുകള്‍ മൂടിയില്ലാത്ത ടാങ്കുകള്‍, ടാര്‍ പോളിന്‍ ഷീറ്റുകള്‍, ഓവുകള്‍ അടഞ്ഞിട്ടുള്ളടെറസ് ,സണ്‍ഷൈഡ് എന്നിവിടങ്ങളിലൊക്കെ മഴയുള്ളപ്പോള്‍ വെള്ളം കെട്ടി നില്‍ക്കുകയും കൊതുക് മുട്ടിയിട്ട് വളരുകയും ചെയ്യും. വെള്ളം ശേഖരിക്കുന്ന എല്ലാ ടാങ്കുകള്‍ക്കും കൊതുക് കടക്കാത്ത വിധത്തിലുള്ള മൂടി ഉണ്ടെന്ന് ഉറപ്പാക്കണം. റബ്ബര്‍, കമുക്, പൈനാപ്പിള്‍ പ്ലാന്റേഷനുകള്‍ എന്നിവ കൊതുകിന്റെ പ്രധാന ഉറവിടങ്ങള്‍ ആണ്. റബര്‍ പാല്‍ ശേഖരിക്കാത്ത സമയത്ത് പാല്‍ ശേഖരിക്കുന്ന ചിരട്ട, കപ്പ് എന്നിവ കമഴ്ത്തി വയ്ക്കുകയോ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കുകയോ വേണം.

തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുകയോ കൊതുകു കടി ഏല്‍ക്കാത്ത വിധം ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ വേണം. വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും കൊതുകു വല ഉപയോഗിക്കുക. വാതിലുകളും ജനാലകളും കൊതുകുവല ഘടിപ്പിക്കുക. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഡ്രൈഡേ ആചരിക്കുക. വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ശനിയാഴ്ചകളില്‍ ഓഫീസുകള്‍ ഞായറാഴ്ചകളില്‍ വീടുകള്‍എന്നിങ്ങനെ കൊതുക് മുട്ടയിട്ട് വളരാന്‍ സാധ്യതയുള്ള എല്ലാസാഹചര്യങ്ങളും, വസ്തുക്കളും കണ്ടെത്തി ഒഴിവാക്കുക എന്നതാണ് ഡ്രൈഡേകൊണ്ട് ഉദ്ദേശിക്കുന്നത്.

എച്ച് വണ്‍ എന്‍ വണ്‍

ഇന്‍ഫ്‌ലുവന്‍സ വൈറസ്മൂലം ഉണ്ടാകുന്ന പകര്‍ച്ചപനിയാണ് എച്ച് വണ്‍ എന്‍വണ്‍. രോഗബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പുറത്തുവരുന്ന കണികകള്‍ വഴി വായുവിലൂടെയും ഇവപതിച്ച പ്രതലങ്ങളും വസ്തുക്കളും സ്പര്‍ശിക്കുന്നതിലൂടെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പനി, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞു ചികിത്സ തേടേണ്ടത് പ്രധാനമാണ്.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ച് വായും മൂക്കും അടച്ചു പിടിക്കുക, കൈകളിലേക്ക് തുമ്മുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് കഴുകുക. കഴുകാത്ത കൈകള്‍ കൊണ്ട് മൂക്കും ,വായയും കണ്ണും തൊടരുത്. ഇളംചൂടുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുകയും വീട്ടില്‍ വിശ്രമിക്കുകയും ചെയ്യുക, കുറഞ്ഞത് ഒരുമീറ്റര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക. സ്‌കൂള്‍, തൊഴിലിടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. അത്യാവശ്യഘട്ടങ്ങളില്‍ സന്ദര്‍ശനത്തിന് മാസ്‌ക് ധരിക്കുക. ഹസ്തദാനം ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്ന പാത്രം മറ്റുള്ളവരും ആയി പങ്കുവയ്ക്കാതിരിക്കുക. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക.

ഷിഗല്ല രോഗബാധ

ഷിഗല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു കുടല്‍ സംബന്ധിയായ രോഗമാണ്. മലിനമായ ഭക്ഷണം, വെള്ളം ,കൈകള്‍ എന്നിവയിലൂടെ ഷിഗല്ലരോഗബാധ ഉണ്ടാകാം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഭക്ഷണത്തിനു മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം ഉപയോഗിക്കുക, ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക , രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക.

വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നീ ജലജന്യരോഗങ്ങളും മഴക്കാലത്ത് പ്രധാനമായും ഉണ്ടാകുന്നവയാണ്. ഇവയെ പ്രതിരോധിക്കാനായി കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസ്സുകളില്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തി വെള്ളം ശുദ്ധീകരിക്കുക.
മഴക്കാലത്ത് തീവ്രമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ മലിനജലം കുടിവെള്ള സ്രോതസ്സുകളില്‍ കലരുന്ന സാഹചര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം സൂപ്പര്‍ക്ലോറിനേഷന്‍നടത്തുക. തിളപ്പിച്ചാറിയ വെള്ളം മാത്രംകുടിക്കുക. പഴങ്ങളും, പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ആഹാരപദാര്‍ത്ഥങ്ങള്‍ അടച്ച് സൂക്ഷിക്കുക. ആഹാരം പാചകം ചെയ്യുന്നതിനും, ഭക്ഷണം വിളമ്പുന്നതിനും, കഴിക്കുന്നതിനു മുമ്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.

മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രംനടത്തുക. മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക .തുടങ്ങിയവയിലൂടെ ജലജന്യരോഗങ്ങള്‍ തടയാനാകും. തുറന്നുവച്ചിരിക്കുന്നതോ പഴകിയതോ ആയ ഭക്ഷണസാധനങ്ങള്‍ കഴിക്കരുത് .വീടിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയുള്ള ഇടങ്ങളില്‍ നിന്ന് മാത്രം കഴിക്കുക. ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. ഐസ് ശുദ്ധജലത്തില്‍ തയ്യാറാക്കുന്നതാണെന്ന് ഉറപ്പുവരുത്തുക. വീടിന്റെ പരിസരത്തും പൊതുസ്ഥലങ്ങളിലും ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. മാലിന്യങ്ങള്‍ തരംതിരിക്കുകയും ജൈവമാലിന്യങ്ങള്‍ശാസ്ത്രീയമായിസംസ്‌കരിക്കുകയും ചെയ്യുക. വ്യക്തിശുചിത്വം, ജലശുചിത്വം, ഭക്ഷണശുചിത്വവും, പരിസരശുചിത്വം എന്നിവപാലിക്കുന്നതിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!