കിരീടത്തോടെ സീസണ്‍ തുടങ്ങി പിഎസ്ജി; യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് പാരീസ്

യൂറോപ്പിലെ കരുത്തന്മാര്‍ ആരെന്ന ചോദ്യത്തിന് നിലവില്‍ ഒരുത്തരമേയുള്ളൂ. പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ അഥവാ പിഎസ്ജി. യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയികളായ പിഎസ്ജി യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ആസ്റ്റണ്‍ വില്ലയെ 2-1 ന് പരാജയപ്പെടുത്തി യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. റെഡ് ബുള്‍ അരീന സാല്‍സ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ഡിസെയര്‍ ഡുവേയുടെ ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 61-ാം മിനിറ്റിലാണ് 21-കാരനായ ഡിസെയര്‍ ഡുവേ പിഎസ്ജിയുടെ വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ക്വിച്ച ക്വരത്സ്‌ഖേലിയയിലൂടെ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. ഇടത് വശത്ത് നിന്ന് മുന്നേറിയ ക്വാറത്സ്‌ഖേലിയ, ആസ്റ്റണ്‍വില്ല ഗോള്‍കീപ്പര്‍ മാര്‍ക്കോ ബിസോട്ടിനെ കാഴ്ചക്കാരനാക്കി മികച്ചൊരു ഷോട്ടിലൂടെ ഗോള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ 45-ാം മിനിറ്റില്‍ 17-കാരനായ ബ്രയാന്‍ മാഡ്‌ജോയിലൂടെ ആസ്റ്റണ്‍വില്ല സമനില പിടിച്ചു. വില്യം പാച്ചോയുടെ പ്രതിരോധ വെല്ലുവിളിയെ മറികടന്ന് ഗോള്‍ നേടിയ ബ്രയാന്‍, ഈ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോഡും സ്വന്തമാക്കി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്രയാന്റെ മറ്റ് മൂന്ന് അവസരങ്ങള്‍ കൂടി ലക്ഷ്യം കാണാതെ പോയിരുന്നു.
61-ാം മിനിറ്റില്‍ ഡിസെയര്‍ ഡുവേ നേടിയ ഗോളിലൂടെ പിഎസ്ജി വീണ്ടും ലീഡ് നേടി. തുടര്‍ന്ന് സമനിലയ്ക്കായി ആസ്റ്റണ്‍വില്ല നടത്തിയ ശ്രമങ്ങള്‍ പിഎസ്ജി ഗോള്‍കീപ്പര്‍ മത്വെയ് സഫോനോവ് തടഞ്ഞു. വില്ല കടുത്ത പോരാട്ടം നടത്തിയെങ്കിലും സ്‌കോര്‍ നിലയില്‍ മാറ്റം വരാതെ കാത്ത പിഎസ്ജി കിരീടം നേടുകയായിരുന്നു.









































































































































