San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കിലോയ്ക്ക് 300 മുതൽ 450 രൂപ വരെ, ഒരു മരത്തിൽ നിന്ന് 5 കിലോ പഴം; കേരളത്തിലും ചുവടുറപ്പിച്ച് ‘ലോങ്ങൻ’



കേരളത്തിലെ സമതലങ്ങൾക്കും ഹൈറേഞ്ചിനും ഒരുപോലെ യോജിച്ച പഴവർഗവിളയായാണ് ലോങ്ങനെ കണക്കാക്കുന്നത്. സ്വാഭാവിക സാഹചര്യത്തിൽ 10 മുതൽ 12 അടി വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. റംബുട്ടാന്റെയും ലിച്ചിയുടെയും കുടുംബാംഗം. മറ്റേതൊരു ഉഷ്ണമേഖലാ ഫലവർഗ വിളയെയും പോലെ ഉയർന്ന ഈർപ്പനിലയും ചൂടുമുള്ള കാലാവസ്ഥയിൽ ലോങ്ങനും നന്നായി വളരുകയും വിളയുകയും ചെയ്യും. ഒപ്പം, സമുദ്രനിരപ്പിൽനിന്ന് 1500 അടിക്കു മുകളിലും ലോങ്ങൻ വളർന്നു ഫലം നൽകുമെന്ന് കൃഷിവിദഗ്ധർ പറയുന്നു. ലോങ്ങൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും തായ്‌ലൻഡാണ്. അന്നാട്ടിലെ കർഷകർക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന പഴവർഗവിളകളിൽ മുൻനിര സ്ഥാനമുണ്ട് ലോങ്ങന്. ലോങ്ങൻ പഴത്തിന്റെ മൂല്യവർധിത ഉൽപന്നങ്ങൾക്കും വിപണിയുണ്ട്. മലേഷ്യയിലും തായ്‌ലൻഡിലുമെല്ലാം ലോങ്ങൻ ജൂസിന് ഏറെ പ്രചാരമുണ്ട്. നിലവിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ലോങ്ങൻ പഴം ഇന്ത്യൻ വിപണിയിലും എത്തുന്നുണ്ട്.


മെട്രോ നഗരങ്ങൾക്ക് ലോങ്ങൻ പരിചിതമായിക്കഴിഞ്ഞെങ്കിലും ചെറുപട്ടണങ്ങളിലേക്ക് അത്രത്തോളം എത്തിയിട്ടില്ലെ ന്നു മാത്രം. ചുവപ്പും പിങ്കും തവിട്ടും വെളുപ്പുമെല്ലാമായി വ്യത്യസ്ത നിറങ്ങളുള്ള ലോങ്ങൻ ഇനങ്ങളുണ്ട്. അവയിൽ ഇരുപത്തഞ്ചോളം ഇനങ്ങളുണ്ട് മലപ്പുറം കോ‍ഡൂർ പഞ്ചായത്തിലുള്ള പെരിങ്ങോട്ടുപുലം പഴയിടത്തുവീട്ടിൽ അബ്ദുൾ റഷീദിന്റെ ശേഖരത്തിൽ. അവയിൽ പലതും സമൃദ്ധമായി കായ്ക്കുകയും ചെയ്തിരിക്കുന്നു. തണൽ വേണ്ടാത്ത ഫലവൃക്ഷമാണ് ലോങ്ങൻ. അതുകൊണ്ടുതന്നെ നല്ല സൂര്യപ്രകാശ ലഭ്യതയുള്ളിടത്തു വേണം നടാനെന്ന് റഷീദ്. റംബുട്ടാന്റെ കൃഷിരീതി തന്നെ ലോങ്ങനും അവലംബിക്കാം. ചെടികൾ തമ്മിൽ 30 അടി അകലമാണ് വിദഗ്ധർ നിർദേശിക്കുന്നത്. പ്രൂൺ ചെയ്യാതെ വിട്ടാൽ ഉയരത്തിൽ വളരുമെന്നതിനാൽ വാണിജ്യക്കൃഷിയിൽ റംബുട്ടാന്റെ കാര്യത്തിലെന്നപോലെ ലോങ്ങനും കമ്പുകോതൽ ആവശ്യമാണ്. കാര്യമായ രോഗകീടബാധകളൊന്നും കാണുന്നില്ലെന്നതും നേട്ടമാണ്.
ലോങ്ങനെത്തേടി വാഴക്കുല ബിസിനസിൽ സജീവമായിരുന്ന റഷീദിന് ഇടയ്ക്ക് വിദേശ പഴവർഗങ്ങളോടു തോന്നിയ താൽപര്യമാണ് ലോങ്ങനിലെത്തിച്ചത്. മലേഷ്യയും തായ്‌ലൻ‍ഡും പോലുള്ള രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ലോങ്ങന്റെ ഒട്ടേറെ ഇനങ്ങൾ ശേഖരിച്ചു. ലോങ്ങൻ ഉൾപ്പെടെ വ്യത്യസ്ത പഴവർഗങ്ങളുടെ ശേഖരം അഞ്ഞൂറിലെറെ എത്തിയതോടെ നഴ്സറി സംരംഭത്തിലേക്കു കൂടി തിരിഞ്ഞു. ഒപ്പം ലോങ്ങന്റെ വാണിജ്യക്കൃഷിയിലും ശ്രദ്ധ വച്ചു. പുറന്തോടിനു തവിട്ടും ചുവപ്പും വെളുപ്പും പിങ്കുമെല്ലാം നിറമുള്ള ലോങ്ങൻ ഇനങ്ങളുണ്ട് റഷീദിന്റെ ശേഖരത്തിൽ. ഡബിൾ ലോങ്ങൻ, പിങ്‌പോങ് റൂബി, എഡോസ്റ്റാർ, ഈഡോ, വൈറ്റ് ലോങ്ങൻ, കൊഹ്‌ല, ഡയമണ്ട് റിവർ, ഫോർ സിസൺ, ന്യൂക്രിസ്റ്റൽ, പോൻതോങ്, വിയറ്റ്നാം ട്രോപ്പിക്കൽ, ഷോഗൺ, വെതർ ലീഫ്, ചുലിയാൻ, അരോമ ദുരിയോ തുടങ്ങിയ പ്രശസ്തമായ മിക്ക ഇനങ്ങളും ശേഖരത്തിലുണ്ട്.
ഗ്രാഫ്റ്റിങ്ങിലൂടെയാണ് പൊതുവേ പുതിയ തൈകൾ ഉൽപാദിപ്പിക്കുന്നത്. രണ്ട്– മൂന്ന് അടി താഴ്ചയുള്ള കുഴിയെടുത്ത് അടിവളമായി ജൈവങ്ങൾ നൽകിയാണ് റഷീദിന്റെ കൃഷി. സൂര്യപ്രകാശവും നനയും ഉറപ്പു വരുത്തുന്നു. ചിലപ്പോഴെങ്കിലും കമ്പ് ഉണങ്ങൽ കാണാറുണ്ട്. സാഫ് പോലുള്ള കുമിൾനാശിനി വെള്ളത്തിൽ നേർപ്പിച്ചു പുരട്ടുകയാണ് പോംവഴി. നമ്മുടെ കാലാവസ്ഥയിൽ മൂന്നു വർഷമെത്തും മുൻപുതന്നെ പല ലോങ്ങൻ ഇനങ്ങളും കായ്ച്ചു കാണുന്നുണ്ടന്ന് റഷീദ് പറയുന്നു. ഡബിൾ ലോങ്ങൻ ആണ് ഇവയിൽ മുഖ്യം. വെളുത്ത പുറന്തോടുള്ള വൈറ്റ് ലോങ്ങൻ, തവിട്ടുനിറത്തിലുള്ള ഡയമണ്ട് റിവർ, ചുവപ്പു പുറന്തോടുള്ള റൂബി ലോങ്ങൻ, കായയ്ക്ക് നല്ല മാംസളതയുള്ള ഇനങ്ങളായ പിങ്പോങ്, എഡോസ്റ്റാർ എന്നിവയെല്ലാം നമ്മുടെ കാലാവസ്ഥയിൽ നന്നായി കായ്ക്കുന്നുണ്ടെന്ന് റഷീദ് പറയുന്നു.
വർഷത്തിൽ ഒന്നിലേറെ തവണ പൂക്കുകയും കായ്ക്കുകയും ചെയ്യുമെന്ന മേന്മ പല ഇനങ്ങൾക്കുമുണ്ട്. പൊതുവിൽ ഫെബ്രുവരി–മാർച്ച് മാസമാണ് പൂക്കാലം. അതേസമയം, ചിലയിനം ലോങ്ങൻ നന്നായി കായ്ക്കണമെങ്കിൽ സോഡിയം ക്ലോറൈറ്റ് വെള്ളത്തിൽ ലയിപ്പിച്ച് മരങ്ങളുടെ ചുവട്ടിലൊഴിക്കണമെന്ന് റഷീദ്. ഉൽപാദകരാജ്യങ്ങളിൽ ഈ രീതി പിൻതുടരുന്നുണ്ട് (15 ഗ്രാം സോഡിയം ക്ലോറൈറ്റ് 15 ലീറ്റർ വെള്ളത്തിൽ കലർത്തി ഒഴിക്കാനാണ് വിദ്ഗ്ധ നിർദേശം. തളിരില വിടർന്ന് ഒരുമാസം പിന്നിട്ട ശേഷമാണ് ഇങ്ങനെ ചെയ്യുന്നത്). തായ്‌ലൻഡിൽ വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പരിപാലിക്കുന്ന ഇനമായ ഈഡോ ഒപ്പം ന്യൂക്രിസ്റ്റൽ ഇനങ്ങളിലെല്ലാം അവിടെയുള്ള കൃഷിക്കാർ സോഡിയം ക്ലോറൈറ്റ് പ്രയോഗിക്കുന്നുണ്ടെന്നും റഷീദ് പറയുന്നു.നാലു വർഷം പ്രായമെത്തിയ ഒരു മരത്തിൽനിന്ന് ശരാശരി 5 കിലോ പഴം എന്നാണ് കണക്ക്. 10 വർഷം പ്രായമെത്തുന്നതോടെ ശരാശരി 100 കിലോ വരെ ഉൽപാദനമെത്താം. നിലവിൽ കിലോ 300 മുതൽ 450 രൂപ വരെ വിലയ്ക്കാണ് ഇന്ത്യൻ വിപണിയിൽനിന്ന് ഉപഭോക്താക്കൾ ലോങ്ങൻ വാങ്ങുന്നത്. മറ്റു വിദേശ ഇനങ്ങളെപ്പോലെ തന്നെ മികച്ച പോഷകഗുണങ്ങളുള്ള പഴം എന്ന മേന്മ ലോങ്ങനുമുണ്ട്. ലോങ്ങൻ ജൂസിന്റെ ഊർജദായകശേഷിക്ക് പരക്കെ സ്വീകാര്യതയുമുണ്ട്. പറിച്ചുവച്ചാൽ പഴുക്കില്ല എന്നതിനാൽ പഴുക്കുന്നതോടെയാണ് വിളവെടുപ്പ്. നന്നായി പഴുക്കുന്നതോടെ പുളി നല്ല മധുരത്തിന് വഴിമാറും. മറ്റു വിദേശ പഴങ്ങൾക്ക് നമ്മുടെ വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ലോങ്ങനും ലഭിച്ചു തുടങ്ങിയെന്നാണ് റഷീദിന്റെ നിരീക്ഷണം. അതുകൊണ്ടുതന്നെ കൃഷിയിലെ പുതു സാധ്യതയായി ലോങ്ങൻ വളരുമെന്നും റഷീദ് പറയുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!