ത്യാഗസ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലിപെരുന്നാൾ

ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റേയും ത്യാഗോജ്ജ്വലമായ ജീവിതത്തിൻ്റെ സ്മരണ പുതുക്കി ഇസ്‍ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പുത്തനുടുപ്പും മൈലാഞ്ചി മൊഞ്ചുമായി പെരുന്നാളിനെ വരവേൽക്കുകയാണ് വിശ്വാസികൾ.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രൻ ഇസ്മായിലിനെ ദൈവകൽപ്പനയനുസരിച്ച് ബലിയറുക്കാൻ തയ്യാറായതിന്റെയും ആത്മസമർപ്പണത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഈ പുണ്യദിനം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പിറന്ന മകനെ ബലി കൊടുക്കാന്‍ തയാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഇബ്രാഹീം നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവ സന്ദേശം ലഭിക്കുകയായിരുന്നു. ഈ ഓർമ്മയിലാണ് മൃഗങ്ങളെ ബലി നൽകി ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന സന്ദേശത്തിൻ്റെ ഭാഗമായി സക്കാത്ത് നൽകുന്നതും ബലി പെരുന്നാളിന്റെ പെരുമയാണ്. ഈദ്ഗാഹുകളിലും പള്ളികളിലും ഇന്ന് പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടക്കും.
മൈലാഞ്ചിയിട്ടും, പുതിയ വസ്ത്രങ്ങൾ അണിഞ്ഞും, വിരുന്നൊരുക്കിയുമെല്ലാം വിശ്വാസികൾ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേർന്ന് ബലിപെരുന്നാൾ ആഘോഷമാക്കും. സ്വാർഥതയും അഹങ്കാരവും വെടിഞ്ഞ്, സ്നേഹവും കാരുണ്യവും സഹജീവികളിലേക്ക് എത്തിക്കുക എന്നതാണ് ബലി പെരുന്നാളിന്റെ യഥാർഥ ലക്ഷ്യം.







































































































