മുഖ്യമന്ത്രി തീരുമാനം വൈകുന്നു, നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി; സുപ്രധാന തീരുമാനങ്ങളായി, സ്കൂൾ തുറക്കൽ ജൂൺ ഒന്നിന് തന്നെ

മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്നതോടെ സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്‍റെ അധ്യക്ഷതയിൽ ഉന്നത തല യോഗം സെക്രട്ടറിയേറ്റിൽ ചേർന്നു. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി.
എൽപിജി ഉപയോഗവും പൈപ്പ്ഡ് നാചുറൽ ഗ്യാസ് സംവിധാനത്തിലേക്കുള്ള മാറ്റവും സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിച്ചു. പിഎൻജി ലഭ്യത ഉറപ്പാക്കിയാൽ പൊതുജനങ്ങൾ മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി വേഗത്തിലാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. പിഎൻജി കമ്പനികൾ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള റോഡ് കട്ടിംഗ് അനുമതികൾ വേഗത്തിലാക്കണമെന്നും നിർദ്ദേശം നൽകി.
സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം നൽകി. മെയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അറിയിച്ചു. കൈത്തറി വകുപ്പ് വഴി സ്‌കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്‌കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.
ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്തു. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അനുമതികൾ ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.
സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. അടുത്ത രണ്ട് ആഴ്ച സ്‌കൂളുകളുടെ തയ്യാറെടുപ്പുകൾ ജില്ലാ കളക്ടർമാർ നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമുകളും സമയബന്ധിതമായി ലഭ്യമാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. സെൻസസ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജനറൽ അഡ്മിനിസ്‌ട്രേഷൻ വകുപ്പ് സെക്രട്ടറി വിശദീകരണം നൽകി. ബാക്കി വരുന്ന പ്രവർത്തനങ്ങൾ ഉടൻ തിരിച്ചറിഞ്ഞ് നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
ജില്ലാ തല അവലോകന യോഗങ്ങളും ഫീൽഡ് സന്ദർശനങ്ങളും നടത്തണമെന്നും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കണമെന്നും നിർദ്ദേശിച്ചു. പാമ്പുകടി പ്രതിരോധവും മുന്നൊരുക്കങ്ങളും സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദീകരിച്ചു. സർപ്പ മൊബൈൽ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിക്കണമെന്നും സ്‌കൂളുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ കുറ്റിച്ചെടികൾ നീക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുമായി ജില്ലാ കളക്ടർമാർ ഏകോപനം നടത്തണം. വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്‌സ് ചാനൽ ബോധവത്കരണത്തിനായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
മൺസൂൺ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി വിശദീകരണം നൽകി. മലപ്പുറം മങ്കടയിൽ ഉണ്ടായ മിന്നലപകടത്തിൽ നാല് യുവാക്കൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യോഗം അനുശോചിച്ചു. ദുരിതബാധിത കുടുംബങ്ങൾക്ക് എക്‌സ്‌ഗ്രേഷ്യ സഹായം അടിയന്തരമായി വിതരണം ചെയ്യാൻ തീരുമാനിച്ചു. പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾക്കും അനുബന്ധ കാര്യങ്ങൾക്കും ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം ഉടൻ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
ജില്ലാ ദുരന്തനിവാരണ പദ്ധതികളിൽ ഉൾപ്പെടുത്തിയ അപകട സാധ്യതയുള്ള പ്രദേശങ്ങൾക്കായി ശമന പദ്ധതികൾ തയ്യാറാക്കണം. ഓറഞ്ച് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാക്കി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളായി തിരിച്ചറിഞ്ഞ സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം. മെച്ചപ്പെട്ട ഒഴിപ്പിക്കൽ ആസൂത്രണത്തിനായി ഇടുക്കി, വയനാട് ജില്ലകൾക്ക് പുതുക്കിയ അപകടസാധ്യതാ ഭൂപടങ്ങൾ കൈമാറിയതായും യോഗം വിലയിരുത്തി.
ദേശീയപാത അതോറിറ്റി പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായതായി അറിയിച്ചു. ബാക്കി വരുന്ന അവസാനഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർ എൻഎച്ച്എഐയുമായും ബന്ധപ്പെട്ട ഏജൻസികളുമായും ഏകോപനം ശക്തമാക്കണമെന്ന് നിർദ്ദേശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡേ, തദ്ദേശ സ്വയഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, സെൻസസ് ഡയറക്ടർ ഡോ. ടി. മിത്ര, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പ്രമോദ് ജി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
















































































































