എലിപ്പനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ എലിപ്പനി വ്യാപിക്കാന്‍ അനുകൂല സ്ഥിതി സംജാതമായിരിക്കുകയാണ്. ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനി രോഗബാധയും ഇതുമൂലമുള്ള മരണവും ഒഴിവാക്കാന്‍ സാധിക്കും. എലി, അണ്ണാന്‍, വളര്‍ത്തുമൃഗങ്ങളായ പശു,നായ,പൂച്ച എന്നിവയുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കലര്‍ന്ന് മലിനമായ ജലവുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് രോഗാണുബാധ ഉണ്ടാകുന്നത്.
രോഗലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ തലവേദന, പേശിവേദന കാല്‍മുട്ടിന് താഴെയുള്ള വേദന, കണ്ണിന് ചുവപ്പ് നിറം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവയെല്ലാം എലിപ്പനി ബാധയെത്തുടര്‍ന്ന് ഉണ്ടാകാം. രോഗം കരളിനെ ബാധിക്കുമ്പോഴാണ് മഞ്ഞപ്പിത്തലക്ഷണങ്ങളുണ്ടാകുന്നത്. വൃക്കകളെ ബാധിക്കുമ്പോള്‍ രക്തം കലര്‍ന്ന മൂത്രം പോവുക, മൂത്രത്തിന്റെ അളവ് കുറയുക, കാലില്‍ നീര് എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
മലിനജലസമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. മലിനജലസമ്പര്‍ക്കമുണ്ടായാല്‍ കാലും, കയ്യും സോപ്പും, വെള്ളവുമുപയോഗിച്ച് കഴുകുക ദുരന്തമേഖലകളില്‍ ശുചീകരണ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ സുരക്ഷാ ഉപാധികളായ കയ്യുറ, കാല്‍മുട്ടുവരെയുള്ള പാദരക്ഷകള്‍ എന്നിവ ധരിക്കുക. മലിനജലസമ്പര്‍ക്കം ഒഴിവാക്കുക. എലിപ്പനിക്കെതിരെ ഡോക്‌സി സൈക്ലിന്‍ പ്രതിരോധ ഗുളിക കഴിക്കുക.ഈ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. ആവശ്യമുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഗുളിക കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍.അറിയിച്ചു.