വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC; പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിക്കും

സംസ്ഥാനത്ത് വനിതകൾക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിൽ നീക്കം തുടങ്ങി കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി. കോർപ്പറേഷൻ എംഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം പ്രാബല്യത്തിൽ വരും. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക.
ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനിൽ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും. യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്.
















































































































