പൂരം തുടങ്ങീട്ടാ ഗഡിയേ…! ആവേശത്തിമിർപ്പിൽ പൂരപ്രേമികൾ

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആവേശ കൊടിയേറ്റം. പ്രമാണിമാരായ പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും വിവിധ സമയങ്ങളിലായി കൊടിയേറി. ഏപ്രിൽ 25 പൂര വിളംബരവും 26, 27 ദിവസങ്ങളിൽ പ്രധാന പൂരവും നടക്കും.
മാസങ്ങൾക്കു മുൻപേ മുന്നൊരുക്കങ്ങൾ ആരംഭിച്ച ദേവസങ്ങളും തട്ടകക്കാരും പ്രധാന ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും ഒത്തൊരുമിച്ചു. ആചാരപരമായ ചടങ്ങുകൾ പൂർത്തീകരിച്ച ശേഷം ആവേശത്തോടെയാണ് കൊടി ഉയർത്തി പൂരത്തെ എതിരേറ്റത്.
ഘടകക്ഷേത്രമായ ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ രാവിലെ 8.15 ഓടെയാണ് ആദ്യ കൊടിയേറ്റ് നടന്നത്. മേളവും ശീവേലിയും പൂർത്തീകരിച്ച് 11.30 ഓടെ തിരുവമ്പാടിയിൽ കൊടിയേറി. വലിപാണികൊട്ടി പുറത്തിറങ്ങിയ പാറമേക്കാവിലമ്മ ആനപ്പുറത്തേറി 12 .30 ഓടെ കൊടിയേറ്റ് കണ്ടു.
വൈകിട്ട് മൂന്ന് മണിയോടെ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ നായ്ക്കനാലിലും മണികണ്ഠൻ ആൽത്തറയിലും പൂരപ്പതാക ഉയരും. മറ്റ് ഏഴ് ഘടക ക്ഷേത്രങ്ങളിലും വിവിധ സമയങ്ങളിലായി കൊടിയേറും. കുറ്റൂർ നെയ്തലക്കാവിൽ വൈകിട്ട് 7 മണിയോടെയാണ് അവസാന കൊടിയേറ്റ് നടക്കുന്നത്.
പൂരത്തിനു മുന്നോടിയായി 10 ഘടക ക്ഷേത്രങ്ങളിലും ഇനിയുള്ള ഏഴ് ദിവസവും വിശേഷാൽ പൂജകളും ചടങ്ങുകളും ആറാട്ടും നടക്കും. ഏപ്രിൽ 24 ന് സാമ്പിൾ വെടിക്കെട്ടും, 25 ന് പൂര വിളംബരം നടക്കും. 26 ന് നടക്കാനിരിക്കുന്ന പൂരങ്ങളുടെ പൂരത്തിനാണ് ഉത്സവ പ്രേമികൾ കാത്തിരിക്കുന്നത്.
















































































































