വൈദികർ വിശുദ്ധിയും നൈർമല്യവും ഉള്ളവരായി ശോഭിക്കണം : മാർ ജോൺ നെല്ലിക്കുന്നേൽ

വൈദികർ ഹൃദയ വിശുദ്ധിയും നേർമല്യവും ഉള്ളവരായി സമൂഹത്തിൽ ശോഭിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ മൂറോൻ കൂദാശയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ എല്ലാ തരത്തിലും വളർത്താൻ സഹായിച്ചിട്ടുള്ളവരാണ് വൈദികർ. വർത്തമാന കാലഘട്ടത്തിൽ അവരുടെ സേവനങ്ങൾ ഏറെ മഹത്വപൂർണ്ണമാകുന്നത് അവർ ഹൃദയ വിശുദ്ധിയും ജീവിത നൈർമല്യവും ഉള്ളവരായി മാറുമ്പോഴാണ്. വൈദികർ നൽകുന്ന ശുശ്രൂഷ വിശ്വാസ സമൂഹത്തിന്റെ വളർച്ചയ്ക്കും പൊതുസമൂഹത്തിന്റെ നന്മയ്ക്കും വേണ്ടിയാണ്. അതുകൊണ്ട് അവരെ നന്ദിയോടെ ഓർമ്മിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും വിശ്വാസം മുഖത്തിന് കടമയാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു.
വൈദീകരുടെ മാസ ധ്യാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 9.30 ന് വൈദികർക്ക് കുമ്പസാരവും ആരാധനയും നടന്നു. 10.30 ന് ഫാ.ജോസ് തച്ചുകുന്നേൽ സി.എം.ഐ ധ്യാന ചിന്തകൾ നൽകി. തുടർന്ന് 11.15 ന് പ്രദക്ഷിണത്തോടെ വിശുദ്ധ മൂറോൻ കൂദാശ ആരംഭിച്ചു. മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിച്ചു. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന മുഴുവൻ വൈദികരും സഹകാർമ്മികരായി. സമർപ്പിതരും വൈദിക വിദ്യാർത്ഥികളും രൂപതയിലെ ഭക്തസംഘടനാ ഭാരവാഹികളും അൽമായ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. വരുന്ന ഒരു വർഷം രൂപതയിലെ മുഴുവൻ പള്ളികളിലും കൂദാശകൾക്കായി ഉപയോഗിക്കുന്നതിനുള്ള വിശുദ്ധ തൈലമാണ് ഇന്ന് കൂദാശ ചെയ്യപ്പെട്ടത്. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ, ഫാ. മാർട്ടിൻ പൊൻപനാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
















































































































