രാജ്യത്തിന്റെ വീരപുത്രന് ജന്മനാടിന്റെ വിട
കൊല്ലം ∙ കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച്.വൈശാഖിന്റെ സംസ്കാരം നടത്തി. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് മൃതദേഹം പൊതുദർശനത്തിനു വച്ച കുടവട്ടൂർ എൽപി സ്കൂളിലേക്കു ഒഴുകിയെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കെ.എൻ. ബാലഗോപാൽ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. എംപിമാരായ കൊടിക്കുന്നിൽ സുരേഷും, സുരേഷ് ഗോപിയും ഉൾപെടെ ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തിൽ ആദരമർപ്പിക്കാൻ സൈനിക ഉദ്യോഗസ്ഥർക്കൊപ്പം മുൻ സൈനികരും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെപ്പേരെത്തി. തുടർന്ന് പാങ്ങോട് സൈനിക ക്യാംപ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം രാവിലെ സൈനിക അകമ്പടിയോടെ സ്വദേശമായ ഓടനാവട്ടത്തേക്കു കൊണ്ടുവന്നു.
ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് മരിച്ചത്. പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിൽ അഞ്ചു ഭീകരരെ വധിച്ചു. 2017ൽ 19–ാം വയസ്സിലാണ് വൈശാഖ് സൈന്യത്തിൽ ചേർന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വൈശാഖ് ഇക്കഴിഞ്ഞ ഓണത്തിനാണ് നാട്ടിൽ അവസാനമായി വന്നത്.