സർവകാല റെക്കോർഡിൽ നിന്നും കുരുമുളക് വില താഴേക്ക്, കാപ്പിക്കും ഏലത്തിനും ക്ഷീണം

കാപ്പി വിളവെടുപ്പിനിടയിൽ ആഗോള വിലയിടിവ് കേരളത്തിലെയും കർണാടകത്തിലെയും കർഷകരെ സമ്മർദത്തിലാക്കി. മുഖ്യ ഉൽപാദന മേഖലകളായ കൂർഗിലും ഹാസനിലും പുതിയ ചരക്ക് വിൽപ്പനയ്ക്ക് സജ്ജമാണ്. ആഭ്യന്തര ഡിമാൻറ്റിനൊപ്പം വിദേശ അന്വേഷണങ്ങളുമുണ്ട്. എന്നാൽ, കാപ്പി കുടിച്ച് ഒന്ന് വിശ്രമിക്കാമെന്ന മോഹം തൽക്കാലം നടക്കില്ലെന്നാണ് ഉൽപാദകരുടെ പക്ഷം. ഉയർന്ന പകൽച്ചൂടിൽ കാപ്പിക്കുരുക്കൾ പതിവിലും നേരത്തേ പഴുക്കുന്നത് കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇതിനിടെ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചത് കയറ്റുമതിക്കാരെ പിന്നോട്ടുവലിക്കുന്നു. ഇന്ത്യൻ മാർക്കറ്റിൽ കാപ്പി വില താഴ്ന്നു. അറബിക്ക കാപ്പി 50 കിലോ ചാക്കിന് 22,500 രൂപയും റോബസ്റ്റ 17,000 രൂപയിലുമാണ്. ഇതിനിടെ ഉൽപാദനം നാല് ലക്ഷം ടണ്ണിന് മുകളിലേക്ക് നീങ്ങുമെന്ന കോഫി ബോർഡിൻെറ പ്രവചനം തോട്ടം മേഖലയെ തിരക്കിട്ട വിൽപ്പനയ്ക്കും പ്രേരിപ്പിച്ചു. മുൻനിര ഉൽപാദന രാജ്യങ്ങളിൽ വിളവ് വർധിച്ചതും തിരിച്ചടിയായി.
കുരുമുളക് വില മൂന്ന് ദിവസത്തിനിടയിൽ ക്വിന്റലിന് 500 രൂപ ഇടിഞ്ഞു. ഒരു മുൻനിര ഉൽപാദന രാജ്യം വില കുറച്ച് കുരുമുളക് വിൽപ്പനയ്ക്ക് ഇറക്കിയത് അവരുടെ ആഭ്യന്തര വിലയെ മാത്രമല്ല, കേരളത്തിലെ ഉൽപാദകരെയും പിരിമുറുക്കത്തിലാക്കി. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകരും സ്റ്റോക്കിസ്റ്റുകളും രാജ്യാന്തര വിപണിയിലെ വ്യക്തമായ ചിത്രത്തിനായി ഉറ്റുനോക്കുന്നു. ഉത്തരേന്ത്യകാർ ചരക്കുസംഭരണം കുറച്ചു. അൺ ഗാർബിൾഡ് കുരുമുളക് വില ക്വിന്റലിന് 200 രൂപ കുറഞ്ഞ് 75,000 രൂപയായി.
അന്താരാഷ്ട്ര വിപണിയിൽ വിവിധ ഭക്ഷ്യയെണ്ണ വിലകൾ കുറഞ്ഞത് വിദേശ പാചകയെണ്ണ ഇറക്കുമതി ഉയർത്താം. പ്രതിസന്ധി മുന്നിൽക്കണ്ട് ദക്ഷിണേന്ത്യൻ മില്ലുകാർ വെളിച്ചെണ്ണ വിൽപ്പനയ്ക്ക് തിടുക്കം കാണിച്ചു. തമിഴ്നാട്ടിൽ ക്വിന്റലിന് 175 രൂപയും കൊച്ചിയിൽ 100 രൂപയും ഇടിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് നടക്കുന്നതിനാൽ ലഭ്യത ഉയരാം. ഏലക്കയുടെ വിലക്കുറവ് കണ്ട് ഉൽപാദകർ ചരക്കുനീക്കം നിയന്ത്രിച്ച് നിരക്ക് മെച്ചപ്പെടുത്തി. ഇന്ന് ലേലത്തിന് 57,373 കിലോ ചരക്ക് വന്നതിൽ 56,306 കിലോയും വിറ്റഴിഞ്ഞു. ക്രിസ്മസ് അടുത്തതിനാൽ വാങ്ങൽ താൽപര്യം വർധിക്കാൻ സാധ്യത. ശരാശരി ഇനങ്ങൾ കിലോ 2878 രൂപയിലും മികച്ച ഇനങ്ങൾ 4039 രൂപയിലും കൈമാറി.

















































































































































