കൃഷിവകുപ്പിന്റെ കീഴിലുള്ള അഗ്രോ സർവീസ് സെന്ററിന്റെ കെട്ടിടം വെറുതേ കിടന്നുനശിക്കുന്നു
ഉപ്പുതറ : കൃഷിവകുപ്പിന്റെ കീഴിലുള്ള അഗ്രോ സർവീസ് സെന്ററിന്റെ കെട്ടിടം വെറുതേ കിടന്നുനശിക്കുന്നു. നന്നായി പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ 20 വർഷം മുൻപ് കള്ളൻ കയറിയിരുന്നു. ഇതോടെ കേന്ദ്രത്തിന്‍റെ പ്രവർത്തനം താളംതെറ്റി. അധികം വൈകാതെ അടച്ചുപൂട്ടി.
ഒൻപതേക്കർ പ്രദേശത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്ക് തൊഴിൽ നൽകാനും പ്രദേശത്തെ കാർഷിക അഭിവൃദ്ധിയും ലക്ഷ്യമിട്ട് 1995-ലാണ് കേന്ദ്രം തുടങ്ങിയത്. 120-ഓളം പട്ടികജാതി കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി സൊസൈറ്റി രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. കൃഷിവകുപ്പിന്റെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് വിശ്രമമുറി ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി.
നിലവും വയലും പാകപ്പെടുത്താനുള്ള രണ്ട് ഡ്രില്ലറും തൂമ്പ ഉൾപ്പെടെയുള്ള മറ്റ് കാർഷികോപകരണങ്ങളും സെന്ററിനുവേണ്ടി വാങ്ങിയിരുന്നു. കൃഷിഭവന്റെ മേൽനോട്ടത്തിൽ മൂന്നുവർഷത്തോളം കാര്യക്ഷമമായി പ്രവർത്തിച്ചു. അതിനിടെ ഡ്രില്ലർ മോഷണം പോയി. പിന്നീട് ഇത് വൈക്കത്തുനിന്ന് കണ്ടെത്തി.
എന്നാൽ, ഈ സംഭവത്തോടെ അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം മന്ദീഭവിച്ചു. പിന്നീട് പ്രവർത്തനം പൂർണമായും നിലച്ചു. കാടുകയറിമൂടിയ കെട്ടിടത്തിനുള്ളിലെ ഡ്രില്ലർ ഉൾപ്പെടെയുള്ള മറ്റ് ഉപകരണങ്ങൾ തുരുമ്പെടുത്ത് കാലഹരണപ്പെട്ട് പോകുകയും ചെയ്തു.
അതിനിടെ അഗ്രോ സർവീസ് സെന്ററിന്റെ ഭാരവാഹികളുമായി ധാരണയുണ്ടാക്കി 2015-ൽ കൃഷിഭവന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പച്ചക്കറി സംഭരണകേന്ദ്രം തുടങ്ങി. ഇതിന്റെ പ്രവർത്തനവും അധികനാൾ നീണ്ടുനിന്നില്ല. ഇതോടെ കെട്ടിടം വീണ്ടും കാടുകയറി നശിക്കുകയാണ്. പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസ് താത്കാലികമായി ഈ കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചിച്ചു.
എന്നാൽ, അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ അതും വേണ്ടന്നുവെച്ചു. കെട്ടിടത്തിനുചുറ്റും കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറി. രജിസ്ട്രേഷൻ പുതുക്കി, അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുകയോ മറ്റെന്തെങ്കിലും സർക്കാർ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തിയോ കെട്ടിടം സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സൊസൈറ്റിയുടെ പേരിൽ അന്നുണ്ടായിരുന്ന രണ്ടുലക്ഷത്തിലധികം രൂപ ഇപ്പോഴും ബാങ്ക് അക്കൗണ്ടിലുണ്ട് എന്നാണ് അധികൃതർ പറയുന്നത്.