വനിതാ മന്ത്രിമാർക്കു മാത്രം സീറ്റ്; ശൈലജയ്ക്കും പ്രതിഭയ്ക്കും സീറ്റില്ല; സാധ്യതാ ലിസ്റ്റിൽ ഗോവിന്ദന്റെ പത്നി, സുജാത, ആര്യ

അകാലത്തിൽ വിട വാങ്ങിയ കാനത്തിൽ ജമീലയെ ഒഴിച്ച് നിർത്തിയാൽ നിലവിലുള്ള വനിതാ സിപിഎം എംഎൽഎമാർ 7 പേരാണ്. അവരിൽ മന്ത്രിമാരായ വീണാ ജോർജ്, ആർ. ബിന്ദു, സംവരണ മണ്ഡലമായ കോങ്ങാട് നിന്നുള്ള ശാന്തകുമാരി എന്നിവർക്കൊഴികെ മറ്റു വനിതാ എംഎൽഎമാർക്കു ആദ്യ ഘട്ടത്തിൽ സീറ്റില്ല എന്നാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ കരട് സ്ഥാനാർഥിപട്ടികയിൽ മന്ത്രിമാരായ വനിതകൾ ഒഴികെയുള്ള മിക്ക വനിതാ എംഎൽഎമാർക്ക് സീറ്റില്ല. അതാത് ജില്ലാ സെക്രട്ടേറിയറ്റുകൾ ഇന്നലെ സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പേരുകളിൽ കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ തുടങ്ങിയവർ ഉൾപ്പെട്ടിട്ടില്ല എന്നാണ് വിവരം. ആകെ 12 വനിതാ എംഎൽഎമാരാണ് പതിനഞ്ചാം നിയമസഭയിൽ എല്ലാ പാർട്ടികളിൽ നിന്നുമായി ഉണ്ടായിരുന്നത്. അതിൽ 8 പേരും സിപിഎം എംഎൽഎമാരാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെടുന്ന കെ.കെ. ശൈലജയാണ് ഒഴിവാക്കപ്പെട്ട സ്ത്രീകളുടെ പട്ടികയിൽ ഒന്നാമത്. മട്ടന്നൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി ആയ കെ. കെ. ശൈലജയ്ക്കു പാർട്ടി സീറ്റ് നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല. ഇത്തവണ രണ്ടു ടേം വ്യവസ്ഥയിൽ പല എംഎൽഎമാർക്കും ഇളവ് കൊടുക്കാനാണ് തീരുമാനമെങ്കിൽ ശൈലജയ്ക്കു നൽകേണ്ട എന്നാണ് പാർട്ടി തീരുമാനം. വിവാദങ്ങളും വിഭാഗീയതയുമാണ് പ്രതിഭയ്ക്കു സീറ്റ് നിഷേധിക്കാൻ കാരണം. പാർട്ടി പ്രവർത്തകർക്കിടയിൽ പോലും പ്രതിഭയ്ക്കു സീറ്റ് നൽകുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കാലം മുതലുണ്ടായ വിവാദങ്ങളും പ്രതിഭയെ പാർട്ടിക്ക് അനഭിമതയാക്കി. മുൻ എംപി സി.എസ്. സുജാത, യുവനേതാവ് ശിവപ്രസാദ് എന്നിവർ പട്ടികയിലുണ്ട്.
എംഎൽഎ ആയി മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചെങ്കിലും തോമസ് ഐസക്കിനെ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് ദെലീമയുടെ സീറ്റ് നഷ്ടപ്പെടാൻ കാരണം. ഇടതു പക്ഷത്തിനു അടിത്തറയുള്ള മണ്ഡലത്തിൽ തോമസ് ഐസക്ക് തന്നെയാകും സ്ഥാനാർഥി എന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. തിരുവനന്തപുരത്തും തോമസ് ഐസക്കിന്റെ പേർ പരിഗണനയിലുണ്ട്. സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം പി.കെ. ബിജുവിന് മത്സരിക്കുന്നതിനാണ് ആറ്റിങ്ങൽ എംഎൽഎ ആയ ഒ.എസ്. അംബികയെ മാറ്റാൻ ആലോചന. ജില്ലാ നേതൃത്വം നൽകിയ പേരുകളിൽ അംബിക ഉണ്ടെങ്കിലും ബിജു എത്തുമ്പോൾ അത് മാറാനാണ് സാധ്യത.
കോങ്ങാട് മണ്ഡലത്തിൽ നിന്നും ശാന്തകുമാരിയുടെ പേരാണ് ജില്ലാ നേതൃത്വം കൊടുത്തിരിക്കുന്നത്. അതിൽ മാറ്റം ഉണ്ടാകാനുമിടയില്ല. ആരോഗ്യ മന്ത്രി വീണ ജോർജ് മൂന്നാം തവണയും ആറന്മുളയിൽ മത്സരിക്കും. ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കു ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്. ഇവിടെ കോൺഗ്രസിന് ഒരു സർപ്രൈസ് സ്ഥാനാർഥിയാകും ണ്ടാക്കുകയെന്നും സൂചനയുണ്ട്.
ചിന്ത ജെറോം, പി.കെ. സൈനബ, അനുശ്രീ കോലോത്തു, ആര്യ രാജേന്ദ്രൻ തുടങ്ങിയ വനിതകളുടെ പേരുകൾ പല മണ്ഡലങ്ങളിലും പറഞ്ഞു.









































































