ഉപ്പുതറയിൽ കുടുംബത്തെ വീടോടെ പെട്രൊൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

ഉപ്പുതറ ഇടപ്പൂക്കുളത്ത് നാലംഗ കുടുംബത്തെ വീടോടെ കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം. ശനിയാഴ്ച്ച പുലർച്ചെ 2.45 ഓടെയാണ് അജ്ഞാതൻ വീടിനു ചുറ്റും പെട്രൊൾ ഒഴിച്ച് തീ കത്തിച്ചത്. വാതിൽ കത്തുന്നത് ശ്രദ്ധയിൽപെട്ട് വീട്ടുകാർ ഓടിയിറങ്ങിയതിനാൽ വൻ ദുരന്തം വഴിമാറി.
ഇടപ്പൂക്കുളം കൊച്ചുപുരയ്ക്കൽ ബെന്നിയുടെ വീടിനാണ് തീവച്ചത്. ഈ സമയം ബെന്നിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. വീടോടെ ഇവരെ കൊലപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്ലാസ്റ്റിക് ചാക്കിൽ കുപ്പികൾ നിറച്ച ശേഷം വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകളിലും ജനാലകളിലും വച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ഇവയിലും പോർച്ചിൽ കിടന്ന കാറിലും പെട്രൊൾ ഒഴിച്ച ശേഷം മുൻ വശത്തെ വാതിലിൽ വച്ചിരുന്ന ചാക്കിൽ തീ കത്തിക്കുകയായിരുന്നു.
മുൻവശത്തെ വാതിൽ കത്തുന്നത് കണ്ട് ബെന്നിയുടെ മകൻ ലിബിൻ ബഹളം വച്ചതോടെ അക്രമി ഓടി രക്ഷപെട്ടു. ആളുകൾ എഴുന്നേറ്റതിനാൽ അക്രമിക്ക് പിൻഭാഗത്ത് തീയിടാൻ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്. വീടിന്റെ മുൻ വശത്തെ ചുവരുകൾക്കും കതകിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ അണച്ചത്. കാറിന്റെ ഭാഗത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇതിനിടെ വീടിനു തീ പടരുന്നത് കണ്ട് ബെന്നി കുഴഞ്ഞു വീണു. തുടർന്ന് ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സ്ഥലത്തെത്തിയ പൊലീസ് ഫൊറൻസിക് സംഘത്തെ ഉപയോഗിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും സിസി ടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.









































































