ജനവഞ്ചനക്ക് കൂട്ട്നിൽക്കുന്ന സർക്കാരിനും മന്ത്രി റോഷി അഗസ്റ്റിനുമെതിരെ ജനകീയ പ്രതിഷേധത്തിന് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ പറഞ്ഞു

ഇടുക്കിജില്ലയിലെയും കട്ടപ്പനയിലെയും ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച ഇടത് സർക്കാരിനും ജനവഞ്ചനക്ക് കൂട്ട്നിൽക്കുന്ന മന്ത്രി റോഷി അഗസ്റ്റിനുമെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ പറഞ്ഞു.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒക്ടോബർ പതിനഞ്ചാം തീയതി ചേർന്ന മന്ത്രിസഭായോഗത്തിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ തീരുമാനിച്ചു എന്നായിരുന്നു ഇടതുനേതാക്കളുടെയും റോഷി അഗസ്റ്റിന്റെയും പ്രചരണം. എന്നാൽ ഇത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നികണ്ടുനടത്തിയ ഇലക്ഷൻ സ്റ്റണ്ട് ആയിരുന്നുവെന്ന് ഈ മാസം നാലാം തീയതി റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്.വാണിജ്യ ആവശ്യങ്ങൾക്കും ഏലം കൃഷിക്കും ഒഴികെയുള്ള ആവശ്യങ്ങൾക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ഈ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഇതോടെ കട്ടപ്പനയിലെ ഷോപ്പ് സൈറ്റുകൾക്കും ഏലം കൃഷി ചെയ്യുന്നവർക്കും പട്ടയം ലഭിക്കില്ലയെന്ന് വ്യക്തമായിരിക്കുകയാണ്. നിർമ്മാണനിരോധനം അടക്കമുള്ള ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇടക്കിടക്ക് ഓരോ ഉത്തരവുകൾ ഇറക്കിക്കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇടതുപക്ഷത്തിനും മന്ത്രി റോഷി അഗസ്റ്റിനുമെതിരെ ശക്തമായ ജനവികാരമാണ് ഇടുക്കിയിൽ ഉള്ളത്.ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പറഞ്ഞ് ഇടുക്കിയിലെ കർഷകരെയും ജനസമൂഹത്തെയും വഞ്ചിക്കുന്ന ഇടതുപക്ഷത്തിനും മന്ത്രിക്കുമെതിരെ കോൺഗ്രസ് ആരംഭിക്കുന്ന പ്രതിഷേധസമരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫെബ്രുവരി പത്താം തീയതി കട്ടപ്പനയിൽ റവന്യൂ വകുപ്പ് നാലാം തീയതി പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് കത്തിച്ചു പ്രതിഷേധിക്കുമെന്നും സിജു ചക്കും മൂട്ടിൽ പറഞ്ഞു.













































































