സാലി ടീച്ചറുടെ വേര്‍പാട് തീരാവേദനയായി;സംസ്കാര ചടങ്ങുകള്‍ കാനഡയില്‍
കട്ടപ്പന: ജില്ല കാര്‍ഡമം മാര്‍ജിനല്‍ ഗ്രോവേഴ്സ് പ്രസിഡന്റും എജ്യുക്കേഷണല്‍ ലോണ്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റുമായ വള്ളക്കടവ് വേനമ്മടം തങ്കച്ചന് ജോസിന്റെ ഭാര്യയും ഇന്‍ഫന്റ് ജീസസ് സ്കൂള്‍ മുന്‍ അധ്യാപികയുമായ സാലി തങ്കച്ചന്റെ വേര്‍പാട് ഏവര്‍ക്കും തീരാവേദനയായി. 1984-ല്‍ സംഗീത തീയേറ്ററിന് സമീപം വാടക കെട്ടിടത്തില്‍ ഇന്‍ഫന്റ് ജീസസ് സ്കൂള്‍ ആരംഭിച്ച അന്നുമുതല്‍ സാലിടീച്ചറും ഒപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.ടി.ഐ കോളജിന് സമീപം സ്വന്തം കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റിയപ്പോഴും ടീച്ചര്‍ ഉണ്ടായിരുന്നു. അങ്ങനെ രണ്ടര പതിറ്റാണ്ടോളം അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ ടീച്ചര്‍ക്ക് ആയിരകണക്കിന് ശിഷ്യ ഗണങ്ങളാണുള്ളത്. പഠനത്തിനൊപ്പം കലാ, കായിക രംഗത്തേക്കും കുട്ടികള്‍ക്ക് മികച്ച പ്രോത്സാഹനമായിരുന്നു സാലി ടീച്ചര്‍ നല്‍കിയിരുന്നത്. കുട്ടികളുടെ കൈയ്യക്ഷരം മികച്ചതാക്കാനും ടീച്ചര്‍ പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. സ്കൂളിലെ മികച്ച അധ്യാപികയായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സ്കൂളില്‍ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ വര്‍ഷമാണ് കാനഡയിലുള്ള മൂത്തമകള്‍ ചിപ്പിയുടെ അടുത്തേക്ക് സാലി ടീച്ചര്‍ പോയത്. മരിക്കുന്നതിന് തലേ ദിവസം വരെ ഊര്‍ജസ്വലയായിരുന്ന ടീച്ചര്‍ നാട്ടിലെ ബന്ധുമിത്രാതികളെയെല്ലാം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാലി ടീച്ചര്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30 ഓടെ മരണപ്പെട്ടു.
മുന്‍ മന്ത്രിമാരായ ലോനപ്പന് നമ്പാടന് മാഷിന്റെയും നാരായണക്കുറിപ്പിന്റെയും പേഴ്സണല്‍ സ്റ്റാഫ് കൂടിയായിരുന്നു സാലി ടീച്ചറുടെ ഭര്‍ത്താവ് തങ്കച്ചന്. ടീച്ചറുടെ വേര്‍പാട് ശിഷ്യഗണങ്ങളെ അടക്കം ഏവരെയും ദുഖത്തിലാക്കി. സംസ്കാര ചടങ്ങുകള്‍ കാനഡയില്‍ നടക്കും.