പെരിയ ഇരട്ടക്കൊലക്കേസ്; പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോൾ. പത്താം പ്രതി രഞ്ജിത്തിനാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്. രണ്ടര മാസം മുമ്പ് രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. ഇതിന് ശേഷം ജയിലിലേക്ക് തിരിച്ചെത്തിയ രഞ്ജിത്തിന് വീണ്ടും പരോൾ അനുവദിക്കുകയായിരുന്നു. നിലവിൽ കേസിലെ ഒന്നാം പ്രതി പീതാംബരൻ, അഞ്ചാം പ്രതി ഗിജിൻ എന്നീ പ്രതികൾ പരോളിലാണ്.
2019 ഫെബ്രുവരി 17നായിരുന്നു കാസർകോട് പെരിയയിൽ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.
കേസിൽ പീതാംബരൻ ഉൾപ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കേസിൽ ശിക്ഷ വിധിച്ചത്. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.









































































