ഇടുക്കി ജില്ലയിലെ 12–ാമത്തെ പവർഹൗസ്, ഇനി ‘പവർ’ കൂടും; പ്രതിവർഷം 51.4 ലക്ഷം വൈദ്യുതി

അടിമാലി∙ അപ്പർ കല്ലാർ ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ഇന്നു നടക്കും. ഇടുക്കി ജില്ലയിലെ 12–ാമത്തെ പവർഹൗസാണ് അപ്പർ കല്ലാർ. പ്രതിവർഷം 51.4 ലക്ഷം വൈദ്യുതിയാണ് ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നത്. ഇതിനു വേണ്ടി ഒരു മെഗാവാട്ടിന്റെ 2 ജനറേറ്ററുകളാണ് നിലയത്തിൽ സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതനിലയം അങ്കണത്തിൽ ഇന്നു 12നു നടക്കുന്ന ചടങ്ങിൽ വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതി കമ്മിഷൻ ചെയ്യും.
എ. രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, മുൻ മന്ത്രി എം.എം.മണി എന്നിവർ മുഖ്യാതിഥികളായിക്കും. 2016 ഓഗസ്റ്റ് 6നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്. 15.24 കോടി രൂപയായിരുന്നു പദ്ധതിയുടെ അടങ്കൽത്തുക. പ്രളയത്തെത്തുടർന്ന് നിർമാണത്തിലിരുന്ന പെൻസ്റ്റോക്കും മറ്റും നശിച്ചതോടെ 3 കോടി കൂടി അനുവദിച്ചു.
1964 ൽ നേര്യമംഗലം ജലവൈദ്യുത നിലയത്തിനു വേണ്ടി വിരിപാറയിൽ നിർമിച്ച തടയണയാണ് അപ്പർ കല്ലാർ പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നത്. അപ്പർ കല്ലാർ പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ഇതുമായി ബന്ധപ്പെട്ട് 2 ചെറുകിട പദ്ധതികൾ കൂടി വൈദ്യുത ബോർഡ് വിഭാവനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് പുറംതള്ളുന്ന വെള്ളം ഉപയോഗിച്ച് 3 മെഗാവാട്ടിന്റെ പീച്ചാട് ചെറുകിട പദ്ധതിയും 5 മെഗാവാട്ടിന്റെ വെസ്റ്റേൺ കല്ലാർ പദ്ധതിയുമാണ് ബോർഡിന്റെ പരിഗണനയിലുള്ളത്.