ആയിരങ്ങൾ പങ്കെടുക്കുന്ന ഇൻഫാം കർഷക റാലി നാളെ കട്ടപ്പനയിൽ

ഇൻഫാം രജതജൂബിലി സമാപന സമ്മേളനാഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കർഷക സമ്മേളനവും റാലിയും ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് ഓസാനം സ്‌കൂൾ മൈതാനിയിൽ നിന്നും സെയ്ന്റ് ജോർജ് സ്‌കൂൾ മൈതാനിയിൽ നിന്നും പതിനായിരത്തിലധികം കർഷകർ പങ്കെടുക്കുന്ന റാലി നടക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.
ദേശീയ സെക്രട്ടറി മാത്യു മാമ്പറമ്പിൽ, ദേശീയ കമ്മിറ്റി അംഗങ്ങളായ ജോയി തെങ്ങുംകുഴി, സി.യു.ജോൺ, അഡ്വ.എബ്രഹാം മാത്യു തുടങ്ങിയവർ ദീപശിഖ വഹിക്കും. സമ്മേളന നഗരിയായ സെയ്ന്റ് ജോർജ് പാരിഷ് ഹാളിലെ ഫാ.മാത്യു വടക്കേമുറി നഗറിൽ റാലി സമാപിക്കും. റാലിയിൽ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, ഗുജറാത്ത്, ആന്ധ്ര എന്നിവിടങ്ങളിലെ കർഷകർ പങ്കെടുക്കും. പൊതു സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പും കാർഷിക ജില്ലാ രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ ഉദ്ഘാടനം ചെയ്യും. 75 വയസ് കഴിഞ്ഞ 1500 ൽ അധികം കർഷകരെ ആദരിക്കുന്ന വീർ കിസാൻ ഭൂമിപുത്ര അവാർഡ് ജനുവരി 20 ന് നടക്കുമെന്നും ഇൻഫാം ഭാരവാഹികൾ അറിയിച്ചു.













































































