ബിഹാറിന്റെ ഒരേയൊരു ഹീറോ; പത്താമതും മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് കുമാര്‍; എന്താണ് നിതീഷിന്റെ വിജയരഹസ്യം?

മറ്റ് പാര്‍ട്ടികള്‍ പലരും ചെറുപ്പക്കാരെ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുമ്പോള്‍ 9 തവണ ബിഹാര്‍ ഭരിച്ച നിതീഷ് കുമാറെന്ന 74 വയസുകാരന് പിടിച്ചുനില്‍ക്കാനാകുമോ എന്ന സംശയം ചില കോണുകളില്‍ നിന്നെങ്കിലും ഉയര്‍ന്നിരുന്നു. നിലപാടില്‍ തരാതരത്തിന് വെള്ളം ചേര്‍ക്കുന്നയാള്‍, ഒരു വള്ളത്തിലും ഉറച്ചുനില്‍ക്കാത്തയാള്‍, അധികാരമോഹി തുടങ്ങി ആരോപണങ്ങള്‍ പലതുണ്ടായിട്ടും ഒരിക്കല്‍ക്കൂടി ഞങ്ങള്‍ക്ക് നിതീഷ് മതിയെന്ന് ബിഹാര്‍ വിധിയെഴുതിയിരിക്കുകയാണ്. 10-ാമതും ബിഹാര്‍ മുഖ്യമന്ത്രിയാകുന്ന നിതീഷിന്റേത് രാജ്യത്തെ തന്നെ അപൂര്‍വനേട്ടമാണ്. ജംഗിള്‍ രാജില്‍ നിന്ന് തങ്ങളെ മോചിപ്പിച്ച് അടിസ്ഥാന സൗകര്യവികസനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറ്റിയ തങ്ങളുടെ ഒരേയൊരു നായകന്‍ ഇപ്പോഴും നിതീഷ് കുമാര്‍ തന്നെയെന്ന് വീണ്ടുമുറപ്പിക്കുന്നു ബിഹാര്‍. ബിജെപി 86 സീറ്റുകളും ജെഡിയു 76 സീറ്റുകളും ഏതാണ്ടുറപ്പിച്ചതോടെ ഭരണം എന്‍ഡിഎക്കെന്നും മുഖ്യമന്ത്രി നിതീഷ് തന്നെയെന്നും ബിജെപി പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ട് പതിറ്റാണ്ട് ബിഹാറില്‍ തിളക്കം മങ്ങാതെ, ശൗര്യം കുറയാതെ, വില ഇടിയാതെ നിതീഷ് നിലനില്‍ക്കുന്നതിന്റെ രഹസ്യങ്ങള്‍ എന്താകും? പരിശോധിക്കാം.
രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദദാരിയായ നിതീഷ് ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിനൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടാണ് സജീവ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. 1970കളില്‍ ജെപിയുടെ സോഷ്യലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചു. 1985ല്‍ ഹര്‍നോട്ടില്‍ നിന്ന് നിയമസഭാംഗമായി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു.
1990കളുടെ തുടക്കത്തില്‍ ബിഹാറിലെ ഏറ്റവും കരുത്തനായ നേതാവായി വളര്‍ന്നുകൊണ്ടിരുന്ന ലാലുപ്രസാദ് യാദവിനോട് സഹോദരബന്ധം പുലര്‍ത്തുന്ന നേതാവായാണ് നിതീഷ് അറിയപ്പെട്ടത്. പിന്നോക്ക വിഭാഗത്തില്‍ നിന്ന് വളര്‍ന്നുവന്ന നേതാവായ ലാലുപ്രസാദ് വളരെ വേഗത്തില്‍ ബിഹാറിന്റെ ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളായി വളര്‍ന്നു. ലാലുവിന്റെ കൂടെ വളര്‍ന്നുവന്ന നിതീഷ് പയ്യെപയ്യെ ഒബിസി കുര്‍മി വിഭാഗത്തില്‍ ശക്തമായ അട്ടിത്തറയുണ്ടാക്കിയെടുത്തു. അധികാരത്തര്‍ക്കവും അഴിമതി ആരോപണങ്ങളുമെല്ലാം മൂലം ലാലുവുമായി അകന്ന നിതീഷ് കുമാര്‍ പയ്യെ അതീവ പിന്നോക്ക വിഭാഗം( EBC) വിഭാഗത്തിനിടയില്‍ വന്‍ വേരോട്ടമുണ്ടാക്കി. ലാലുവിന്റെ നേതൃത്വത്തിന്‍ കീഴില്‍ യാദവ സമുദായത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മയെ തച്ചുടച്ചത് നിതീഷിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായി.
വികസന കൊടുങ്കാറ്റ്
ഒക്ടോബര്‍ 2003ല്‍ നിതീഷിന്റെ സമതാ പാര്‍ട്ടി ജെഡിയുവില്‍ ലയിച്ചു. 2000ലാണ് നിതീഷ് ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയാകുന്നതെങ്കിലും 2005 മുതലാണ് നിതീഷ് ബിഹാറിലെ മാറ്റത്തിന്റെ കൊടുങ്കാറ്റായി അറിയപ്പെടാന്‍ തുടങ്ങിയത്. ബിഹാര്‍ ഇതുവരെ കണ്ടിരുന്ന ജംഗിള്‍ രാജ് അവസാനിപ്പിക്കുമെന്നായിരുന്നു ജനങ്ങളോട് നിതീഷിന്റെ വാക്ക്. ആധുനിക റോഡുകള്‍, ഗ്രാമപ്രദേശങ്ങളില്‍പ്പോലും വൈദ്യുതി, ദരിദ്രരും പിന്നോക്കക്കാരുമായവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണ പദ്ധതികള്‍, ക്രമസമാധാന പരിപാലനം, അഴിമതിക്കെതിരായ നീക്കങ്ങള്‍, ആരോഗ്യമേഖലയിലെ വികസനം തുടങ്ങിയവയിലൂടെ 2005 മുതല്‍ നിതീഷ് വികസന കൊടുങ്കാറ്റായി അറിയപ്പെടാന്‍ തുടങ്ങി. അന്നത്തെ കൊടുങ്കാറ്റിന്റെ അലകള്‍ കെട്ടടങ്ങിയിട്ടില്ലെന്നും അന്ന് നിതീഷ് നേടിയ വിശ്വാസം പൊയ്‌പ്പോയിട്ടില്ലെന്നും തെളിയിക്കുന്നു ഈ തിരഞ്ഞെടുപ്പ് ഫലവും.
ചാടിക്കളികള്‍
മുന്നണി മാറ്റങ്ങളുടേയും പിളര്‍പ്പിന്റേയും ലയനങ്ങളുടേയും നിലപാട് മാറ്റങ്ങളുടേയും കൂടി വലിയ പാരമ്പര്യമുണ്ട് നിതീഷ് കുമാറെന്ന നേതാവിന്.നരേന്ദ്ര മോദി ബിജെപിയുടെ ദേശീയ മുഖമായി ഉയര്‍ന്നുവരികയും തന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തുവെന്ന് തോന്നിയ ഒരുവേളയിലാണ് 2013ല്‍ നിതീഷ് ബിജെപിയുമായുള്ള ബന്ധം വിടുന്നത്. പിന്നീട് 2015 ലെ തിരഞ്ഞെടുപ്പിലേക്കായി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കുകയും അത് മഹാസഖ്യമായി അറിയപ്പെടുകയും ചെയ്തു.
രണ്ട് വര്‍ഷത്തിന് ശേഷം 2017 ല്‍, ആര്‍ജെഡിയിലെ അഴിമതി ചൂണ്ടിക്കാട്ടി അദ്ദേഹം എന്‍ഡിഎയിലേക്ക് മടങ്ങി. വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2020ല്‍ നിതീഷിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ, ബീഹാറിലെ 243 സീറ്റുകളുള്ള നിയമസഭയില്‍ നേരിയ ഭൂരിപക്ഷം നേടി. ജെഡിയുവിന്റെ സീറ്റുകളുടെ എണ്ണം 43 ആയി കുറയുകയും അന്ന് ബിജെപിക്ക് 74 സീറ്റുകള്‍ ലഭിക്കുകയും ചെയ്തു. ജെഡിയുവിന്റെ സീറ്റുകളിലെ ഈ ചോര്‍ച്ച സഖ്യത്തിനുള്ളില്‍ നിതീഷിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടാക്കിയതായി വിലയിരുത്തലുകള്‍ വന്നു. ശേഷം 2022 ഓഗസ്റ്റില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎയില്‍ നിന്ന് പിരിയുകയും മുഖ്യമന്ത്രി സ്ഥാനം രാജിവക്കുകയും ചെയ്തു. വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി. 2024 ജനുവരിയില്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും നിതീഷ് ചാടിക്കളിച്ചു. പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണി വിട്ട് എന്‍ഡിഎയില്‍ വീണ്ടും ചേര്‍ന്നു. ഒമ്പതാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
NDA നിതീഷിന്റെ ഭാഗ്യമുന്നണിയാകുന്നതിന് പിന്നില്‍…
ബിജെപിക്കൊപ്പം ചേരുന്നത് പല വിധത്തില്‍ നിതീഷിന് നേട്ടമാകുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മുന്‍പ് സൂചിപ്പിച്ചതുപോലെ ഇബിസി വിഭാഗങ്ങള്‍ക്കിടയിലെ നിതീഷിന്റെ സ്വാധീനവും എലീറ്റ് എന്നറിയപ്പെടുന്ന വിഭാഗത്തിനിടയില്‍ ബിജെപിക്കുള്ള സ്വാധീനവും മുന്നണിക്ക് വളരെ നേട്ടമുണ്ടാക്കുന്നുണ്ട്. വികസന പുരുഷന്‍ എന്ന നിതീഷിന്റെ ഇമേജ് എന്‍ഡിഎ സര്‍ക്കാരിന്റെ നിലവിലെ പ്രതിച്ഛായയുമായി കൃത്യമായി ഒത്തുപോകുന്നുവെന്നും അത് സാധാരണ വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നുമാണ് മറ്റൊരു വിലയിരുത്തല്‍. നിതീഷ് എന്‍ഡിഎക്കൊപ്പം നില്‍ക്കുമ്പോഴാണ് ജെഡിയുവിന്റെ വോട്ട് ശതമാനം ഉയരുന്നതെന്ന് കണക്കുകളും തെളിയിക്കുന്നുണ്ട്.













































































