നസ്രത്തിലെ നന്മ പുസ്തകം പ്രകാശനം ചെയ്തു

കട്ടപ്പന: മുന്‍ അധ്യാപികയും ഇരട്ടയാര്‍ സ്വദേശിനിയുമായ മേരിക്കുട്ടി വി.ജെയുടെ ആദ്യ നോവല്‍ ‘നസ്രത്തിലെ നന്മ’ പ്രകാശനം ചെയ്തു. കട്ടപ്പന പ്രസ്‌ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഇടുക്കി രൂപത വികാരി ജനറൾ മോൻസിങോർ എബ്രഹാം പുറയാറ്റ് ദീപ്തി കോളേജ് പ്രിന്‍സിപ്പല്‍ സല്‍ജു ജോസഫിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ഭാവനയിൽ നിന്നും ഉടലെടുത്ത കഥാസന്ദർഭങ്ങൾ കൂട്ടിയണക്കി മനോഹരമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്ന പുസ്തകം വൈവിധ്യമായ രചനാരീതികൊണ്ട് കൂടുതൽ വായിക്കപ്പെടുമെന്ന് മോൻസിങോർ എബ്രഹാം പുറയാറ്റ് പറഞ്ഞു.
സാഹിത്യ പ്രവർത്തകൻ കെ.ആർ രാമചന്ദ്രൻ, എഴുത്തുകാരൻ പി.ജെ ജോസഫ്, മേരിക്കുട്ടി വി.ജെ തുടങ്ങിയവർ സംസാരിച്ചു. കൈപ്പട ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഉണ്ണിയേശുവിന്റെ പന്ത്രണ്ട് വയസ്സുവരെയുള്ള കാലഘട്ടത്തിലെ ജീവിതകഥയാണ് മേരിക്കുട്ടി നോവലായി എഴുതിയിരിക്കുന്നത്. ഉണ്ണിയേശുവിന്റെ ജനനശേഷമുള്ള ബൈബിള്‍ പ്രതിപാദിക്കാത്ത ബാല്യകാലജീവിതം ഭാവനാത്മകമായി ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സാഹിത്യ സാംസ്കാരിക സാമുദായിക പ്രവർത്തകർ പങ്കെടുത്തു.
ഫോട്ടോഃ മേരിക്കുട്ടി വി.ജെയുടെ ആദ്യ നോവല്‍ ‘നസ്രത്തിലെ നന്മ’ ഇടുക്കി രൂപത വികാരി ജനറൾ മോൻസിങോർ എബ്രഹാം പുറയാറ്റ് ദീപ്തി കോളേജ് പ്രിന്‍സിപ്പല്‍ സല്‍ജു ജോസഫിന് നല്‍കി പ്രകാശനം ചെയ്യുന്നു













































































