ചാക്കിൽകെട്ടി റോഡരികിൽ മാലിന്യം തള്ളി; 10,000 രൂപ പിഴ
കുമാരമംഗലം ∙ പഞ്ചായത്തിലെ ഏഴല്ലൂർ ഭാഗത്ത് റോഡരികിൽ മാലിന്യം തള്ളിയ ആളിൽ നിന്ന് 10,000 രൂപ പിഴയീടാക്കി. 13–ാം വാർഡിൽപെട്ട മാളികപ്പടിയിൽ മാലിന്യം ഉപേക്ഷിച്ച പത്താഴപ്പാറ സ്വദേശിയിൽ നിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞ ദിവസമാണ് റോഡരികിൽ ചാക്കിൽകെട്ടി മാലിന്യം തള്ളിയെന്ന വിവരം നാട്ടുകാർ പഞ്ചായത്തിൽ അറിയിക്കുന്നത്.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോണും വൈസ് പ്രസിഡന്റ് സജി ചെമ്പകശേരിയും സ്ഥലത്തെത്തി. പ്ലാസ്റ്റിക് ചാക്ക് അഴിച്ച് നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയയാളിന്റെ വീട്ടിലെ കുട്ടിയുടെ സ്കൂൾ തിരിച്ചറിയൽ കാർഡ് ലഭിച്ചു. അതിൽ നിന്നു ലഭിച്ച ഫോൺ നമ്പറിൽ പഞ്ചായത്തിൽ നിന്നു ബന്ധപ്പെട്ടു. തുടർന്ന് പഞ്ചായത്തിൽ നിന്നുള്ള സംഘം അവരുടെ വീട്ടിലുമെത്തി.
മറ്റൊരാൾ വീട്ടിൽ നിന്നു ശേഖരിച്ചു കൊണ്ടുപോയതാണെന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം. എന്നിരുന്നാലും പൊതുനിരത്തിൽ മാലിന്യം തള്ളിയതിന് പിഴയൊടുക്കാൻ സന്നദ്ധമാണെന്നും ഗൃഹനാഥൻ അറിയിച്ചു. ശുചിത്വ പദവി ലഭിച്ച പഞ്ചായത്തിനെ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്തധികൃതർ അഭ്യർഥിച്ചു.