48 ദിവസം, 8 സംസ്ഥാനങ്ങൾ, 3780 കിലോമീറ്റർ ദൂരം; പതിനെട്ടിന്റെ പവറിൽ ഇടുക്കി to ലഡാക്ക്
48 ദിവസം, 8 സംസ്ഥാനങ്ങൾ, 3780 കിലോമീറ്റർ ദൂരം… പതിനെട്ടിന്റെ പവർ മാത്രം കൈമുതലാക്കിയ 3 കുട്ടികൾ ഇടുക്കിയിൽനിന്ന് തങ്ങളുടെ സാദാ സൈക്കിൾ ചവിട്ടി എത്തിയത് അങ്ങ് ലഡാക്കിൽ. തോരാതെ പെയ്യുന്ന മഴയെ സാക്ഷി നിർത്തിയാണ് കഴിഞ്ഞ ജൂലൈ 23ന്, സഹോദരങ്ങളായ സുജിത്തും അബിമോനും സുഹൃത്ത് സച്ചിനും ഏലപ്പാറയിൽനിന്നു പുറപ്പെട്ടത്. ഇതു മീശ മുളയ്ക്കുന്ന പ്രായത്തിലെ എടുത്തുചാട്ടമല്ലേ, കുട്ടിക്കളിയല്ലേ എന്നൊക്കെയായിരുന്നു പരിചയക്കാരിൽ പലരുടെയും ചിന്ത. തമിഴ്നാടു വഴി ബെംഗളൂരുവിൽ എത്തിയപ്പോഴേക്കും ഒരു സൈക്കിൾ ചെറിയ തകരാറുകൾ കാട്ടി.
ഇവ നാട്ടിൽ അറിയിച്ചപ്പോൾ സുഹൃത്തുക്കൾ അൽപം പണം സംഘടിപ്പിച്ച് അയച്ചു നൽകി. എന്നാൽ ഇതു പുതിയ സൈക്കിൾ വാങ്ങുന്നതിനു തികഞ്ഞില്ല. അറ്റകുറ്റപ്പണികൾ നടത്തി സൈക്കിൾ തകരാർ പരിഹരിച്ചു. അവശേഷിച്ച പണത്തിനു ടെന്റ് വാങ്ങി യാത്ര പുനരാരംഭിച്ചു. ഹൈദരാബാദിൽ വച്ചു പരിചയപ്പെട്ട മലയാളി തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകിയാണ് സ്നേഹം പ്രകടിപ്പിച്ചത്. വഴിയിൽ നാട്ടുകാരുമായി അറിയാവുന്ന തരത്തിൽ വിവരങ്ങൾ പങ്കുവച്ചു. പഞ്ചാബിൽ എത്തിയ ഒരു രാത്രി പെട്രോൾ പമ്പിൽ ടെന്റ് നിവർത്തുന്നതിനു സ്ഥലം ചോദിച്ചപ്പോൾ സൗജന്യമായി മുറിയും ഭക്ഷണവും നൽകി.
7 സംസ്ഥാനങ്ങളിൽ കൂടി യാത്ര ചെയ്തെങ്കിലും പഞ്ചാബാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. യാത്രയിലെ വിശേഷങ്ങൾ ഇവർ യുട്യൂബിലൂടെ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. കർഡുങ്ങലയിൽ ഒൻപതിന് ഇവർ യാത്ര അവസാനിപ്പിച്ചു. ഏലപ്പാറ പുത്തൻപുരയ്ക്കൽ ഷൈനിയുടെ മക്കളാണ് സുജിത്തും അബിമോനും. കട്ടപ്പന മേപ്പാറ കൈപ്പയ്യിൽ സന്തോഷിന്റെ മകനാണ് സച്ചിൻ. തിരികെ ഡൽഹി വരെ ബസ് മാർഗമെത്തിയശേഷം ട്രെയിനിൽ നാട്ടിലേക്കു മടങ്ങാനാണ് ഇവരുടെ ആലോചന.