ഇടുക്കി മെഡിക്കല്‍ കോളേജ്: വികസന പുരോഗതി അവലോകനം ചെയ്തു
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിലവിലെ അവസ്ഥയും പണി പുരോഗമിക്കുന്ന കെട്ടിടങ്ങളുടെ പുരോഗതിയും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. പണി പുരോഗമിക്കുന്ന പുതിയ കെട്ടിടത്തില്‍ ആവശ്യമായ ബെഡ്ഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ജീവനക്കാര്‍ എന്നിവയുടെ ലഭ്യതയും ആവശ്യകതയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഓരോ വിഭാഗത്തിന്റെയും ചുമതലയുള്ള ഡോക്ടര്‍മാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
അത്യാഹിത വിഭാഗത്തിന്റെ കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ പുതിയ കെട്ടിടത്തിലേക്ക് എല്ലാ വിഭാഗങ്ങളും മാറ്റുവാന്‍ സാധിക്കും. ആവശ്യമായ ബെഡ്ഡുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കിറ്റ്കോയോട് ആവശ്യപ്പെട്ടു. ജോലി ക്രമീകരണ വ്യവസ്ഥയില്‍ മറ്റു ജില്ലയിലെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ തിരിച്ചു വിളിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആര്‍എംഒയോട് ആവശ്യപ്പെട്ടു.
പാറേമാവ് ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം ജില്ലാ പഞ്ചായത്ത് മെഡിക്കല്‍ കോളേജിന് നല്‍കിയ 50 ഏക്കര്‍ സ്ഥലം ജില്ലാ കളക്ടര്‍, ഡിഡിസി, എഡിഎം ഷൈജു പി ജേക്കബ്, തഹസില്‍ദാര്‍ വിന്‍സെന്റ് ജോസഫ് എന്നിവര്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.എന്‍. സുഷമ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, ആര്‍എംഒ ഡോ. അരുണ്‍ എസ് , ഡോ. ദീപേഷ്, തുടങ്ങിയ ഡോക്ടര്‍മാര്‍ പങ്കെടുത്തു.