നാട്ടുവാര്‍ത്തകള്‍
ഇടുക്കി അണക്കെട്ടിന്റെ ചരിത്രം: ലേസർ ഷോ പദ്ധതി ഒരുങ്ങുന്നു
ചെറുതോണി ∙ ഇടുക്കി അണക്കെട്ടിന്റെ ചരിത്രം വിഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കാൻ ചെറുതോണി ആർച്ച് ഡാമിൽ അരങ്ങൊരുങ്ങുന്നു. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡൽ ടൂറിസം സെന്ററാണ് പരിപാടിയുടെ സംഘാടകർ. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും റോഷി അഗസ്റ്റിനും ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അണക്കെട്ടിലെ 400 മീറ്റർ വീതിയും 500 മീറ്റർ ഉയരവുമുള്ള പ്രതലത്തിലായിരിക്കും ലേസർ ഷോയ്ക്കുള്ള സ്‌ക്രീൻ.
ഒരേ സമയം 700 പേർക്ക് ഇരുന്നു കാണാൻ സൗകര്യവുമായി ആംഫി തിയറ്റർ മാതൃകയിലായിരിക്കും നിർമാണം. ഇവിടെ ഷോപ്പിങ് സെന്ററും അക്വേറിയവും നിർമിക്കാനും പദ്ധതിയുണ്ട്. അക്വേറിയത്തിൽ ഫൗണ്ടൻ ഡിസ്പ്ലേയും ഉണ്ടാകും. 15 ഏക്കറോളം ഭൂമി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി അടുത്ത രണ്ടു വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.