ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോടുള്ള വിവേചനത്തിനെതിരെ പ്രതിഷേധ സംഗമവുമായി ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്

പ്രതിഷേധ സംഗമം സെപ്റ്റംബർ 13 ശനിയാഴ്ച 2 മണിക്ക് മുരിക്കാശ്ശേരിയിൽ
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയും അച്ചടക്കവും പഠന മികവും ഉറപ്പുവരുത്തുന്നതിൽ എന്നും എയ്ഡഡ് വിദ്യാഭ്യാസ മേഖല മുന്നിലാണ്,വിശിഷ്യാ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും .കേരള മോഡൽ വികസനത്തിന് വലിയ സംഭാവനകൾ നൽകിയ ഈ മേഖലയെ മാറിമാറി വരുന്ന സർക്കാരുകൾ സംരക്ഷിക്കുന്നില്ല എന്ന് മാത്രമല്ല അവയെ ശ്വാസംമുട്ടിക്കാനാണ് മത്സരിക്കുന്നത്.വിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് 2016 മുതൽ നിയമന അംഗീകാരമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ പ്രശ്നമാണ് സർക്കാരുമായി വീണ്ടും ഒരു ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്.ഭിന്നശേഷി സംവരണം നടപ്പിലാക്കാൻ എയ്ഡഡ് സ്കൂൾ മാനേജ്മെൻറ് തയ്യാറാണെന്ന് ചൂണ്ടിക്കാണിച്ചു നിയമനത്തിനായി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും യോഗ്യതയുള്ള അധ്യാപകരെ ലഭ്യമാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.’ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപക നിയമനങ്ങൾ മുഴുവൻ നടപ്പിലായ ശേഷം മാത്രമേ ഈ നിയമനങ്ങൾ അംഗീകരിക്കൂ എന്നാണ് സർക്കാർ നിലപാട് .ഈ സാഹചര്യത്തിൽ എൻഎസ്എസ് മാനേജ്മെൻറ് സുപ്രീംകോടതിയെ സമീപിച്ചു 2025 മാർച്ച് നാലിന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു .ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപക തസ്തികകൾ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളിൽ നിയമന അംഗീകാരം നൽകണമെന്ന് വാദമാണ് കോടതി അംഗീകരിച്ചത്. പ്രസ്തുത വിധിയിൽ സമാനമായ സാഹചര്യങ്ങളിൽ മറ്റു മാനേജ്മെന്റുകളിലെ അധ്യാപകർക്കും നിയമന അംഗീകാരം നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു എന്നാൽ ഇത് സംബന്ധിച്ച് 2025 മാർച്ച് 17ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ നിയമന അംഗീകാരം എൻഎസ്എസ് മാനേജ്മെന്റുകളിലെ അധ്യാപകർക്ക് മാത്രമായി പരിമിതപ്പെടുത്തി.തുടർന്ന് കെസിബിസിയുടെ മാനേജ്മെൻറ് കൺസോർഷ്യം ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ച് 2025 ഏപ്രിൽ ഏഴിന് സമാനമായ വിധി നേടുകയും ചെയ്തു.എൻഎസ്എസിന് ലഭിച്ച കോടതിവിധിക്ക് സമാനമായി ബഹുമാനപ്പെട്ട ഹൈക്കോടതി മറ്റു മാനേജ്മെൻ്റുകൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിട്ടും കത്തോലിക്കാ സഭയുടെ മാനേജ്മെൻ്റിന് കീഴിലുള്ള അധ്യാപക നിയമനങ്ങൾ നിരസിച്ചുകൊണ്ട് 2025 ജൂലൈ 31ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് കടുത്ത വിവേചനമാണ്.
ഈ സാഹചര്യത്തിലാണ് ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്. 1000 ത്തോളം അധ്യാപക അനധ്യാപകർ പങ്കെടുക്കും .ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടുക്കി രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും.രൂപത എ കെ സി സി പ്രസിഡൻ്റ് ശ്രീ ജോർജ് കോയിക്കൽ മുഖ്യ പ്രഭാഷണം നടത്തും.ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോക്ടർ ജോർജ് തകടിയേൽ, മുരിക്കാശ്ശേരി സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു, ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡൻറ് നോബിൾ മാത്യു, സെക്രട്ടറി ബോബി തോമസ്, ട്രെഷറർ എബി കൂട്ടുങ്കൽ എന്നിവർ പ്രസംഗിക്കും













































































