നാട്ടുവാര്‍ത്തകള്‍
ഇക്കോ ലോഡ്ജുകൾ നവംബർ 1 മുതൽ വീണ്ടും

തൊടുപുഴ ∙ ജില്ലയിലെ ഇക്കോ ലോഡ്ജുകൾ നവംബർ ഒന്നു മുതൽ തുറക്കും. ഇടുക്കി ഡാമിനോടു ചേർന്നു 12 കോട്ടേജുകളുടെയും പീരുമേട് ഒരു കോട്ടേജിന്റെയും നിർമാണം അവസാന ഘട്ടത്തിലെത്തി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ വിഭാവനം ചെയ്ത ഇക്കോ ലോഡ്ജുകൾ പൂർണമായും തേക്കുതടി ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്. നവംബറിൽത്തന്നെ പ്രവർത്തനം ആരംഭിക്കാനുള്ള രീതിയിലുള്ള നിർമാണപ്രവർത്തനങ്ങളാണു നടക്കുന്നതെന്നു ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപയാണു പദ്ധതിക്കായി ലഭിച്ചിരിക്കുന്നത്.