റെയിൽപാത ഇല്ലെങ്കിൽ എന്താ, ഇടുക്കിയിലേക്ക് ട്രെയിനിൽ വിനോദസഞ്ചാരികളെത്തും; തേനിവരെ പരീക്ഷണ ഓട്ടം കഴിഞ്ഞു!
കുമളി ∙ റെയിൽപാതയില്ലാത്ത ഇടുക്കി ജില്ലയുടെ വികസനത്തിനു പ്രതീക്ഷയേകുന്ന മധുര– ബോഡിനായ്ക്കന്നൂർ പാതയുടെ ജോലികൾ അവസാനഘട്ടത്തിലേക്ക്. മധുരയിൽ നിന്നു തേനി വരെയുള്ള ജോലികൾ 80 ശതമാനവും പൂർത്തിയാക്കി. റെയിൽവേ എൻജിൻ 2 തവണ തേനി വരെ പരീക്ഷണ ഓട്ടവും നടത്തി. തേനിയിൽ നിന്നു ബോഡിനായ്ക്കന്നൂരിലേക്കുള്ള ജോലികൾ പുരോഗമിക്കുകയാണ്.
ടൂറിസം മേഖലയ്ക്ക് കരുത്താകും
∙ മധുര–ബോഡിനായ്ക്കന്നൂർ റെയിൽപാത ജില്ലയിലെ ടൂറിസം മേഖലയ്ക്കും ഏറെ പ്രതീക്ഷകളാണു നൽകുന്നത്. തേക്കടി, മൂന്നാർ, രാമക്കൽമേട് തുടങ്ങി ജില്ലയിലെ എല്ലാ ടൂറിസം മേഖലകളിലേക്കും സഞ്ചാരികൾക്കു സൗകര്യപ്രദമായി എത്താൻ ഈ പാത സഹായകമാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഇപ്പോൾ കൊച്ചിയിലോ കോട്ടയത്തോ എത്തി അവിടെ നിന്നു ടാക്സികളിലോ ബസുകളിലോ ദീർഘനേരം യാത്ര ചെയ്താണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.
ബോഡിനായ്ക്കന്നൂർ വരെ ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു മടങ്ങാൻ കഴിയും. ഇതു കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ.
തീർഥാടകർക്കും വ്യാപാരികൾക്കും ഗുണം
∙ ബോഡിനായ്ക്കന്നൂർ വരെ ട്രെയിൻ എത്തുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകർക്കും ഇടുക്കി ജില്ലയിൽ നിന്നു മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്കും പോകുന്നവർക്കു യാത്ര എളുപ്പമാകും. അതോടൊപ്പം ഇവിടെ നിന്നുള്ള വ്യാപാരികൾക്കു തമിഴ്നാട്ടിലെ വിവിധ വാണിജ്യകേന്ദ്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായകമാകും.
ഡിണ്ടിഗൽ – കുമളി പാതയ്ക്കും സാധ്യതയേറി
∙ ജില്ലയിലെ ടൂറിസം, വാണിജ്യ മേഖലകളുടെ വളർച്ചയ്ക്കു സഹായകമാകുന്ന ഡിണ്ടിഗൽ–കുമളി റെയിൽപാത യാഥാർഥ്യമാകാനുള്ള സാധ്യതയും വർധിച്ചു. 2009ൽ ആസൂത്രണ കമ്മിഷൻ അംഗീകാരം ലഭിച്ചെങ്കിലും ഈ റെയിൽപാതയ്ക്കു വേണ്ടി അധികൃതർ നടപടിയൊന്നും തുടങ്ങിയിട്ടില്ല.
പദ്ധതിക്കു ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാനവും പകുതി കേന്ദ്രവും അനുവദിക്കണമെന്നായിരുന്നു ആസൂത്രണ കമ്മിഷൻ നിർദേശം. എന്നാൽ കേരളത്തിലെയും തമിഴ്നാട്ടിലെയും വിനോദ, തീർഥാടന, വ്യാപാര മേഖലകൾക്ക് ഊർജം പകരുന്ന പദ്ധതിക്കായി ജനപ്രതിനിധികൾ ഉൾപ്പെടെ ആരും ശക്തമായ നിലപാടുകളുമായി രംഗത്തു വന്നില്ല.
ഈ പദ്ധതിയിൽ ഡിണ്ടിഗലിൽ നിന്നു ചെമ്പട്ടി, വത്തലഗുണ്ട്, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂർ, തേവാരം, കമ്പം വഴി ലോവർ ക്യാംപ് വരെയാണു റെയിൽപാത എത്തുക. ഈ പാത മധുര–ബോഡിനായ്ക്കന്നൂർ ലൈനുമായി തേനിയിൽ ബന്ധിപ്പിച്ച് ബോഡിനായ്ക്കന്നൂരിൽ നിന്നു തേവാരം, കമ്പം വഴി ലോവർ ക്യാംപിലെത്തിച്ചാൽ ഇരുസംസ്ഥാനങ്ങളിലെയും പതിനായിരക്കണക്കിനാളുകൾക്കു പ്രയോജനപ്പെടും.
ശബരിമല തീർഥാടകർക്കാണ് ഏറ്റവും പ്രയോജനം ലഭിക്കുക. ഇതിലെല്ലാം പ്രയോജനം ലഭിക്കുന്നത് ഇടുക്കി ജില്ലയിലെ വാണിജ്യ മേഖലയ്ക്കാണ്. ഇവിടെ നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയവയുടെയും തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുനീക്കവും എളുപ്പമാകും. തമിഴ്നാട്ടിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കും ഈ പദ്ധതി ഏറെ അനുഗ്രഹമാണ്.