ഉപ്പുതറ പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടാൻ ഭരണസമിതി തീരുമാനിച്ചു

ഉപ്പുതറ പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടാൻ ഭരണസമിതി തീരുമാനിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരം നിയോഗിച്ച അപ്രൈസൽ കമ്മിറ്റി തീരുമാനത്തെ തുടർന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ടെക്‌നിക്കൽ അസിസ്റ്റൻ്റ് ബിബിൻ തോമസിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.
2012 മുതൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കരാർ പുതുക്കാതെ തസ്‌തികയിൽ തുടരുകയും പഞ്ചായത്ത് രജിസ്റ്റർ, ഇ- മെയിലുകൾ എന്നിവ തിരുത്തുകയും ചെയ്‌തു. ബില്ലുകൾ വ്യാജമായി ഒപ്പിട്ട് പണം കൈപ്പറ്റൽ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്തംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, ജീവനക്കാരൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം വ്യാജമായി തയാറാക്കി നൽകി കോടതിയേയും തെറ്റിദ്ധരിപ്പിച്ചിരുന്നു. അടുത്തിടെ ഉടലെടുത്ത വിവാദങ്ങൾക്കുപിന്നാലെ ആറാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ജില്ലാ അപ്രൈസൽ കമ്മിറ്റി ഓഗസ്റ്റ് 12ന് പഞ്ചായത്ത് ഓഫീസിൽ നടത്തിയ അന്വേഷണത്തിൽ ബിബിൻ തോമസ് ഗുരുതരമായ കൃത്യവിലോപവും അധികാര ദുർവിനിയോഗവും നടത്തിയതായി കണ്ടെത്തി. തുടർന്ന് 16ന് ചേർന്ന അപ്രൈസൽ കമ്മിറ്റി, ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവിട്ടു. തുടർന്നാണ് ചൊവ്വാഴ്‌ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തത്. 12 അംഗങ്ങളിൽ 10 പേർ തീരുമാനത്തെ പിന്തുണച്ചു. ഇന്നുതന്നെ ജീവനക്കാരനെ
പിരിച്ചുവിടാൻ തീരുമാനിച്ചതായി പ്രസിഡൻ്റ് കെ ജെ ജെയിംസ് പറഞ്ഞു.
അർഹതയില്ലാതെ ജോലിചെയ്‌ത കാലയളവിലെ മുഴുവൻ തുക ഇയാളിൽനിന്ന് ഈടാക്കും. നിർമാണം പൂർത്തീകരിക്കാതെ ബില്ല് മാറിയ കണ്ണംപടിയിലെ സാംസ്‌കാരിക നിലയം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിക്കാൻ ആവശ്യമായ തുകയും ഇയാളിൽനിന്ന് ഇടാക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തതായും പ്രസിഡൻ്റ് അറിയിച്ചു.









































































