തൊടുപുഴ പോലീസ് സ്കൂളുകളിൽ സ്ഥാപിച്ച പരാതിപ്പെട്ടികൾ തുറന്നു പരിശോധിച്ചു

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, ജയ് റാണി പബ്ലിക് സ്കൂൾ എന്നീ സ്കൂളുകളിൽ സ്ഥാപിച്ച പരാതിപ്പെട്ടികൾ തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ ബിജു വി എ, ജയേഷ് വി ജി എന്നിവരുടെ നേതൃത്വത്തിൽ തുറന്നു പരിശോധിച്ചു. പുതിയ അധ്യയന വർഷത്തിൽ ജില്ലയിലെ എല്ലാ സ്കൂളുകളിലും സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളിലെ പരാതികൾ എല്ലാ മാസവും സ്കൂൾ അധ്യാപകരുടെ സാന്നിധ്യത്തിൽ അതത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറോ, ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതവും കൃത്യമായി പരാതികൾ പരിശോധിക്കും. ഇത്തരം പരാതികളിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെതന്നെ പരിഹരിക്കുകയും നിയമപരമായ നടപടികള്‍ വേണ്ടതാണെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികള്‍ അതത് വകുപ്പിലെ അധികാരികള്‍ക്ക് കൈമാറുകയും ചെയ്യും.













































































