യാത്രാവിലക്ക് മാറ്റണം, നയതന്ത്ര സംഘത്തെ അയക്കണമെന്ന് ആക്ഷൻ കൗൺസിൽ; കേന്ദ്രം പരിഗണിക്കണമെന്ന് സുപ്രീം കോടതി

നിമിഷപ്രിയയ്ക്ക് വേണ്ടി പരിശ്രമിച്ചവര്‍ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദിയെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. യമനിലേക്കുള്ള യാത്രാവിലക്ക് മാറ്റണമെന്നും നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. യാത്രാവിലക്ക് മാറ്റുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നായിരുന്നു കൗണ്‍സിലിന്റെ ആവശ്യം.
നിമിഷപ്രിയയ്ക്ക് വേണ്ടി നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. വധശിക്ഷ നീട്ടിവെച്ചുവെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതില്‍ തീയതി തീരുമാനിച്ചിട്ടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് കൗണ്‍സില്‍ മറുപടി നല്‍കി.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദിയുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം പരിഗണിക്കുന്നതില്‍ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തിന് മാത്രമേ നേരിട്ട് ഇടപെടാനാവൂ എന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി ഓഗസ്റ്റ് 14ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിട്ടുണ്ട്.
യെമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും ചെയ്തു. സഹിക്കാന്‍ വയ്യെന്ന ഘട്ടത്തില്‍ നിമിഷപ്രിയ അധികൃതര്‍ക്ക് പരാതി നല്‍കി, ഇതോടെ തലാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ആരംഭിച്ചു. ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താന്‍ തലാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.













































































