രേഖകളുള്ള തൊഴിലാളികൾക്ക് പ്രവേശനാനുമതി

കുമളി: ചൊവ്വാഴ്ച ചെക്ക്‌പോസ്റ്റിലൂടെ പോലീസിനെ തള്ളിമാറ്റി തമിഴ്‌നാട്ടിൽനിന്നെത്തിയ തൊഴിലാളിസ്ത്രീകൾ കടന്നുപോയ സംഭവത്തെ തുടർന്ന് അതിർത്തിയിൽ പരിശോധന കർശനമാക്കി.
രണ്ട് ഡോസ് വാക്‌സിൽ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് എന്നിവയ്‌ക്കൊപ്പം പാസ് കൂടിയുള്ളവരെയാണ് അതിർത്തികടത്തി വിടുന്നത്. അതിർത്തിയിൽ പരിശോധന ശക്തമാക്കിയതോടെ തൊഴിലാളികളുടെ കുത്തൊഴുക്ക് കുറഞ്ഞു.
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള നീക്കമാണ് കുമളി പോലീസ് നടത്തുന്നത്.
സർക്കാർ മാർഗനിർദേശമില്ലാതെ ഏലത്തോട്ടങ്ങളിലും എസ്റ്റേറ്റുകളിലും തൊഴിലെടുക്കുന്ന തമിഴ്‌നാട് സ്വദേശികളുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
കൂടാതെ അതിർത്തിയിൽ ഒരു എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചെക്കുപോസ്റ്റിൽ നിയമിച്ചിട്ടുണ്ട്.
കളക്ടർ അതിർത്തിയിലെത്തി
തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികളുടെ നിയമലംഘനം നടത്തിയുള്ള കടന്നുകയറ്റത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ ഷീബാ ജോർജ് കുമളി ചെക്ക്‌പോസ്റ്റിലെത്തിയത്. സി.ഐ. ജോബിൻ ആന്റണി കാര്യങ്ങൾ വിശദീകരിച്ചു. ചെക്ക് പോസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചു. കാനനപാതകളിൽ നിരീക്ഷണം കർശനമാക്കുമെന്ന് കളക്ടർ പറഞ്ഞു. തമിഴ്‌നാട്ടിലും പരിശോധന കർശനമാക്കിയിരിക്കുകയാണ്













































































