മുഴുവൻ കൃഷിഭവനുകളിലും അസിസ്റ്റൻ്റ് കൃഷി ഓഫീസർ തസ്തിക സൃഷ്ടിക്കുക: കെ.എ.റ്റി.എസ്.എ

കേരളത്തിലെ മുഴുവൻ കൃഷിഭവനുകളിലും അസിസ്റ്റൻ്റ് കൃഷി ഓഫീസർ തസ്തിക സൃഷ്ടിക്കണമെന്നും കൃഷി വകുപ്പിൻ്റെ ആധുനികവത്കരണത്തിൻ്റെ ഭാഗമായി കൃഷി അസിസ്റ്റൻ്റുമാരുടെ പേര് കാലോചിതമായി പരിഷ്കരിക്കണമെന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ അഭിപ്രായപ്പെട്ടു. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയും പ്രസിഡൻ്റുമായി പ്രവർത്തിച്ചിരുന്ന പി.ഹരീന്ദ്രനാഥിനും, ഇടുക്കി ജില്ലാ വനിതാ കമ്മിറ്റിയംഗം ഇ.കെ.ലീലക്കും വി. ആർ ബീനാമോൾ എംപ്ലോയീസ് ഹാളിൽ വച്ച് നടത്തിയ യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ 614 കൃഷിഭവനുകളിൽ മാത്രമുള്ള അസിസ്റ്റൻ്റ് കൃഷി ഓഫീസർ തസ്തിക മുഴുവൻ കൃഷിഭവനുകളിലേക്കും വ്യാപിപിച്ചാൽ കൃഷി അസിസ്റ്റൻറായി സർവ്വീസിൽ പ്രവേശിച്ച് അതേ തസ്തികയിൽ വിരമിക്കുന്ന അവസ്ഥ ഒഴിവാക്കാനാകും. കെ.എ.റ്റി.എസ്.എ ജില്ലാ പ്രസിഡൻ്റ് കെ.എ.ബുഷറ അദ്ധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനത്തിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.കെ.എം ബഷീർ, കെ.വി.സാജൻ, ജില്ലാ സെക്രട്ടറി ആർ.ബിജു മോൻ, പ്രസിഡൻ്റ് കെ.എസ്.രാഗേഷ്, സെക്രട്ടറിയേറ്റംഗം എം. എസ് ശ്രീകുമാർ, കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ. ജിൻസ്, സംസ്ഥാന കൗൺസിൽ അംഗം പി.ടി വിനോദ്,എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.ആർ രതീഷ് സ്വാഗതവും, സി.എസ് രജനി നന്ദിയും പറഞ്ഞു. യാത്രയയപ്പ് ഏറ്റുവാങ്ങിയ പി. ഹരീന്ദ്രനാഥും , ഇ.കെ ലീലയും മറുപടി പ്രസംഗം നടത്തി.









































































