കുട്ടികളുടെ പ്രശ്‌നങ്ങളില്‍ രക്ഷിതാക്കളുടെ സമയോചിത ഇടപെടല്‍ വേണം: മന്ത്രി റോഷി അഗസ്റ്റിന്‍
കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണതകളും, ലഹരി ഉപയോഗങ്ങളും മുന്‍ നിര്‍ത്തി മാനസികാരോഗ്യ വിദ്യാഭ്യാസ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കട്ടപ്പന ഐ ടി ഐ കുന്ന് വാര്‍ഡിലെ ജാഗ്രതാ സമിതിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമയോചിതമായി ഇടപെടുവാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തെറ്റുകള്‍ കണ്ടാല്‍ അത് തെറ്റാണെന്ന് പറഞ്ഞ് മനസ്സിലാക്കുവാന്‍ അധ്യാപകരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ കുട്ടികള്‍ക്കിടയിലുണ്ടാക്കിയ മാനസിക വെല്ലുവിളികളുടെ തീവ്രത വളരെ വലുതാണ്. സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് വഴിമാറിയതോടെ ഇന്റര്‍നെറ്റും, മൊബൈല്‍ ഫോണുകളും കുട്ടികള്‍ക്കിടയിലുണ്ടാക്കിയ ആഘാതങ്ങള്‍ പലപ്പോഴും ആത്മഹത്യകളിലേയ്ക്കാണ് എത്തിക്കുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഐ റ്റി ഐ കുന്ന് വാര്‍ഡിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ വിദ്യാഭ്യാസ വിഷയങ്ങളില്‍ ജാഗ്രതാ സെമിനാര്‍ നടത്തിയത്.
സൈബര്‍ ക്രൈമെന്ന വിഷയത്തില്‍ സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീം അംഗം പി എസ് അനില്‍കുമാറും, കൗമാരക്കാരും ലഹരിയുമെന്ന വിഷയത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം അബ്ദുള്‍ സലാമും, കുട്ടികളുടെ മാനസികാരോഗ്യം കൊവിഡ് കാലത്ത് എന്ന വിഷയത്തില്‍ വനിതാ ശിശു വികസന വകുപ്പിലെ സൈക്കോ – സോഷ്യല്‍ കൗണ്‍സിലേഴ്‌സും ക്ലാസ്സുകള്‍ നയിച്ചു. ജാഗ്രത സെമിനാറിന്റെ ഉദ്ഘാടന യോഗത്തില്‍ കട്ടപ്പന നഗരസഭാ അധ്യക്ഷ ബീനാ ജോബി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ മുന്‍ ചെയര്‍മാന്‍ മനോജ് എം തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ഷാജി കൂത്തോടി, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ഗ്രേസ് മേരി ടോമിച്ചന്‍, ഗവ. ഐ ടി ഐ പ്രിന്‍സിപ്പല്‍ ആനി സ്റ്റെല്ല ഐസക്,പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ ലിജോബി ബേബി, കണ്‍വീനര്‍ കെ.ജെ ജയന്‍, ചെയര്‍മാന്‍ സിറിയക് ജോസഫ് , ടെസ്സി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.