കോവിഡ്: തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ പരിശോധന കര്‍ശനമാക്കും
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തൊടുപുഴ, കട്ടപ്പന നഗരസഭ പരിധിയില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. വാര്‍ഡ് തലത്തില്‍ വിവരശേഖരം നടത്തണം. ടിപി ആര്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും.
അടിമാലി പോലെയുള്ള ഗ്രാമപഞ്ചായത്തുകളിലെ ചില വാര്‍ഡുകളിലും രോഗ നിരക്ക് കൂടിവരുന്നുണ്ട്. ഇവിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കും.
അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. അതിര്‍ത്തി കടന്നുവരുന്നവര്‍ ഒരു ഡോസ് എങ്കിലും വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന കര്‍ശനമാക്കുന്ന കാര്യം പരിഗണിക്കാന്‍ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.