ഗൂഗിൾ മാപ്പിൽ അതിർത്തി മേഖലയുടെ സിംഹഭാഗവും തമിഴ്‌നാട്ടിൽ;കുറവൻ– കുറത്തി ശിൽപവും പോയി!
നെടുങ്കണ്ടം ∙ ഗൂഗിൾ മാപ്പിൽ അതിർത്തി മേഖലയുടെ സിംഹഭാഗവും തമിഴ്‌നാട്ടിൽ. ജില്ലയുടെ അതിർത്തിയായ കമ്പംമെട്ടിൽ അതിർത്തി സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലാണ് ഗൂഗിൾ മാപ്പിലെ ഈ മാറ്റം. രാമക്കൽമെട്ടിലെ കുറവൻ കുറത്തി ശിൽപം അടക്കം മേഖലയിലെ റിസോർട്ടുകൾ അടക്കം തമിഴ്നാട്ടിൽ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുമളി, ചക്കുപള്ളം, ചെല്ലാർകോവിൽ, അച്ചക്കട, തങ്കച്ചൻകട, പാറത്തോട്, പൂപ്പാറ, പാപ്പാത്തിചോല, മതികെട്ടാൻചോല, കൂട്ടാർ, ചോറ്റുപാറ, കോമ്പയാർ, ഉടുമ്പൻചോല,ദേവികുളം, സൂര്യനെല്ലി, ബിയൽറാം, ടോപ്സ്‌റ്റേഷൻ, വട്ടവട, കോവിലൂർ തുടങ്ങിയ സ്ഥലങ്ങൾ തമിഴ്‌നാട്ടിൽ ഉൾപ്പെടുത്തിയാണ് ജില്ലയുമായുള്ള അതിര് പങ്കിടുന്ന രേഖ ഗൂഗിൾ മാപ്പിൽ നിർണയിച്ചിരിക്കുന്നത്.
ജില്ലയിലെ അതിർത്തിയുടെ ഏറിയ ഭാഗവും തമിഴ്‌നാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതിൽ ദുരൂഹതയുണ്ട്. അതിർത്തി പങ്കിടുന്ന പ്രധാന സ്ഥലമായ കമ്പംമെട്ട് ചെക്ക്പോസ്റ്റ് ഗൂഗിൾ മാപ്പിൽ കാണാനില്ല. കമ്പംമെട്ട് സിറ്റിയും അവിടുത്തെ ഒരു സ്വകാര്യ വ്യക്തിയുടെ ഹോട്ടലിന്റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ, നികുതി വകുപ്പ്, വനംവകുപ്പ്, എക്‌ൈസസ്, തുടങ്ങിയ ഓഫിസുകൾ രേഖപ്പെടുത്തിയിട്ടില്ല. രാമക്കൽമേട്, ചോറ്റുപാറ, അണക്കരമെട്ട്, ചതുരംഗപ്പാറ, തേവാരം മലനിരകൾ, മതികെട്ടാൻചോല, കാർഡമം എസ്‌റ്റേറ്റ്, കൊളുക്കുമല, മീശപ്പുലിമല, തുടങ്ങിയ ഭാഗങ്ങളും മാപ്പിൽ തമിഴ്‌നാട്ടിലാണ്. കേരളത്തിന്റെ അതിർത്തി പങ്കിടുന്ന പത്തിലധികം പഞ്ചായത്തുകൾ തമിഴ്‌നാടിനവകാശപ്പട്ടതായി കാണുന്നു.
നെടുങ്കണ്ടം, കരുണാപുരം, വണ്ടൻമേട്, ചക്കുപള്ളം, ഉടുമ്പൻചോല, ശാന്തൻപാറ, ചിന്നക്കനാൽ, ദേവികുളം, വട്ടവട, കാന്തല്ലൂർ, സൂര്യനെല്ലി, മറയൂർ തുടങ്ങിയ പഞ്ചായത്തുകളുടെ മധ്യഭാഗം വച്ചാണ് തമിഴ്‌നാട് അതിർത്തി നിർണയിച്ച് ഗൂഗിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാമക്കൽമെട്ട് തമിഴ്നാട്ടിലായാണ് രേഖപ്പെടുത്തിയത്. ഇവിടുത്തെ റിസോർട്ടുകളും ഹോം സ്റ്റേകളും അനുബന്ധ സ്ഥാപനങ്ങളും തമിഴ്നാട്ടിൽ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് രാമക്കൽമെട്ട് റിസോർട്ട് ആൻഡ് ഹോം സ്റ്റേ ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.