യൂറോപ്യൻ വിപണിയിൽ കൂപ്പുകുത്തി മസ്കിന്റെ ടെസ്‌ല; വിൽപ്പനയിൽ 52.6 ശതമാനം ഇടിവ്


യൂറോപ്യൻ വിപണിയിൽ ഇലോൺ മസ്കിന്റെ ടെസ്‌ലയ്ക്ക് തിരിച്ചടി. വിൽപ്പനയിൽ 52.6 ശതമാനം ഇടിവാണ് നേരിട്ടിരിക്കുന്നത്. യൂറോപ്യൻ വിപണിയിൽ ഇലക്ട്രിക് കാറുകൾക്ക് പ്രാധാന്യം വർധിക്കുമ്പോഴാണ് ടെസ്ലയുടെ ഇടിവ്. ആദ്യ നാലുമാസത്തെ കണക്കെടുത്താലും കഴിഞ്ഞ കൊല്ലത്തേതിനെക്കാൾ വിൽപ്പനയിൽ 46.1 ശതമാനം ഇടിവുണ്ട്.
ഏപ്രിലില്‍ 5,475 കാറുകള്‍ മാത്രമാണ് ടെസ്ലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞത്. ഈ വര്‍ഷം ആദ്യ നാല് മാസം കൊണ്ട് ടെസ്ല ആകെ വിറ്റഴിച്ചത് 41,677 കാറുകള്‍ മാത്രമാണ്. ഈ മാസം ആദ്യം ജർമ്മനിയിലും യുകെയിലും ടെസ്‌ലയുടെ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള എംജിയുടെ ഉടമസ്ഥതയിലുള്ള എസ്എഐസിയുടെ യൂറോപ്യൻ വിൽപ്പന ഏപ്രിലിൽ 54 ശതമാനം ഉയർന്നിട്ടുണ്ട്.
യൂറോപ്യന്‍ വിപണിയില്‍ ടെസ്ലയ്ക്ക് എതിരാളിയായി എത്തിയിരിക്കുന്നത് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡിയാണ്. യൂറോപ്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ബിവൈഡിയുടെ കാറുകളാണ്. 7,231 കാറുകളാണ് ഏപ്രില്‍ മാസത്തില്‍ വിറ്റഴിക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മസ്‌കിന്റെ ഇടപെടലും മോഡല്‍ വൈയുടെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രശ്‌നങ്ങളുമാണ് യൂറോപ്യന്‍ വിപണിയില്‍ ടെസ്ലയെ അപ്രിയമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.