ഹോർട്ടി കോർപ്പ് വാക്കുപാലിച്ചു: കാന്തല്ലൂരിൽ വിളവെടുത്ത മുഴുവൻ ഉരുളക്കിഴങ്ങും ഓണവിപണിയിലെത്തിച്ചു
10.2 ലക്ഷം രൂപയുടെ കിഴങ്ങ് സംഭരിച്ചു
മറയൂർ: ഓണക്കാലത്ത് വിളവെടുത്ത മുഴുവൻ ഉരുളക്കിഴങ്ങും സംഭരിച്ച് ഹോർട്ടി കോർപ്പ് വാക്കുപാലിച്ചു. 906 ചാക്കിലായി (ഒരു ചാക്ക് 45 കിലോ) 40,770 കിലോ കാന്തല്ലൂർ ഉരുളക്കിഴങ്ങാണ് കാന്തല്ലൂർ വി.എഫ്.പി.സി.കെ. ലേല വിപണി സംഭരിച്ച് ഹോർട്ടി കോർപ്പിന് നല്കിയത്. ഒരു കിലോ കിഴങ്ങിന് കർഷകന് 25 രൂപയാണ് വിലയായി ലഭിക്കുക.
10.20 ലക്ഷം രൂപയുടെ കിഴങ്ങാണ് അഞ്ചുദിവസം നീണ്ടുനിന്ന സംഭരണത്തിലൂടെ ഹോർട്ടികോർപ്പ് സംഭരിച്ചത്. 14 രൂപ വിലയിൽ 2565 കിലോ കാബേജും 35 രൂപ വിലയ്ക്ക് 300 കിലോ സെലക്ഷൻ ബീൻസും 50 രൂപ വിലയ്ക്ക് 31 കിലോ മുരിങ്ങാ ബീൻസും ഹോർട്ടികോർപ്പ് വാങ്ങി. ഇനി ഒരു മാസംകൂടി കഴിഞ്ഞാൽ മാത്രമാണ് ആവശ്യത്തിന് ശീതകാല പച്ചക്കറി കാന്തല്ലൂരിൽ വിളവെടുപ്പിന് പാകമാവുകയുള്ളൂ.
ഈ പച്ചക്കറിയും കേരള വിപണിയിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹോർട്ടികോർപ്പ് ജില്ല മാനേജർ പമീല വിമൽരാജ് പറഞ്ഞു. ഓണത്തിന് എടുത്ത പച്ചക്കറിയുടെ വില നടപടികൾ വേഗത്തിൽ സ്വീകരിച്ച് ഒരു മാസത്തിനുള്ളിൽ കർഷകർക്ക് നല്കുമെന്നും അവർ പറഞ്ഞു. പഴയ കുടിശ്ശികയും നല്കുവാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അവർ പറഞ്ഞു.