ലഹരി വിമുക്ത പരിപാടി സംഘടിപ്പിക്കുന്ന സർക്കാർ എന്തിന് എൻഡിപിഎസ് കേസ് പ്രതി വേടനെ എത്തിച്ചു?; വിമർശിച്ച് ബിജെപി


വേടനെ എത്തിച്ചതിൽ സർക്കാരിനെ വിമർശിച്ച് ബിജെപി. ലഹരി വിമുക്ത പരിപാടി സംഘടിപ്പിക്കുന്ന സർക്കാർ, വാർഷികാഘോഷത്തിന് എന്തിന് എൻഡിപിഎസ് കേസ് പ്രതിയെ എത്തിച്ചെന്ന് ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. ഇ കൃഷ്ണദാസ് ചോദിച്ചു.
അതേസമയം, റാപ്പർ വേടൻറെ പരിപാടിക്കിടെ പാലക്കാട് കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ വ്യക്തമാക്കി. പട്ടികജാതി വികസന വകുപ്പാണ് പരിപാടിക്ക് അനുമതി തേടിയത്. പരിശോധനകൾക്ക് ശേഷം പൊലീസിലും പരാതി നൽകുമെന്ന് നഗരസഭ പറഞ്ഞു. തിരക്കിനിടെ കാണികൾ പൊതുമുതൽ നശിപ്പിച്ചെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങൾ ഉൾപ്പെടെ തകർത്തു. പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവർഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചത്. മൂന്നാം വട്ടമാണ് വേടൻ പാലക്കാട്ടേക്ക് എത്തിയത്. അതിനാൽ ‘മൂന്നാംവരവ് 3.0’ എന്ന പേരിലായിരുന്നു സംഗീത പരിപാടി.
സൗജന്യമായായിരുന്നു പ്രവേശനം. 10,000ത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലായിരുന്നു സജ്ജീകരണങ്ങൾ. തുറന്ന വേദിയിൽ നടന്ന പരിപാടി എല്ലാവർക്കും കാണാൻ നാല് വലിയ എൽഇഡി സ്‌ക്രീനുകളിലും പ്രദർശിപ്പിച്ചിരുന്നു. ഈ മാസം ഒമ്പതിന് കിളിമാനൂരിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന വേടന്റെ പരിപാടി റദ്ദ് ചെയ്തിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്.