ഇടുക്കി ജില്ലയിൽ 61 പേർക്ക് രണ്ടാമതും കോവിഡ്
തൊടുപുഴ ∙ ജില്ലയിൽ 61 പേർക്ക് രണ്ടു തവണ കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതുസംബന്ധിച്ച കണക്കുകൾ ശേഖരിച്ചു വരികയാണ്.ഒരിക്കൽ കോവിഡ് ബാധിച്ചവരിൽ പലരും വീണ്ടും രോഗം വരില്ലെന്ന ധാരണയിൽ ജാഗ്രതക്കുറവ് കാട്ടുന്നതായി അധികൃതർ പറയുന്നു.
വൈറൽ രോഗങ്ങൾ ഒരിക്കൽ വന്നു മാറിയാൽ സാധാരണയായി ശരീരം വൈറസിനെതിരെ ഉൽപാദിപ്പിക്കുന്ന ആന്റിബോഡി ശരീരത്തിൽ നിലനിൽക്കുന്നതുകൊണ്ട് തുടർന്നുള്ള കുറച്ചു കാലയളവിലെങ്കിലും അതേ രോഗം വരാൻ സാധ്യത കുറവാണ്. ഓരോ രോഗങ്ങൾക്കും ഇതു വ്യത്യസ്തമായിരിക്കും.
കോവിഡിന്റെ കാര്യത്തിൽ കൂടുതൽ ആധികാരിക പഠനങ്ങൾ നടന്നാലേ ഇതു സംബന്ധിച്ചു വ്യക്തത വരൂ.വാക്സീൻ എടുത്തവരിലും വീണ്ടും കോവിഡ് വരുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാകുന്നില്ല. ഒരു ഡോസ് എടുത്തവർ പോലും താരതമ്യേന സുരക്ഷിതരാണ്. കോവിഡ് പോസിറ്റീവായവർക്ക് 3 മാസത്തിനു ശേഷമാണ് വാക്സീൻ നൽകുക. കോവിഡ് വാക്സീൻ സ്വീകരിച്ചവരും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പിന്തുടരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഓർമിപ്പിക്കുന്നു