ഓണക്കാല കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്യാമ്പെയ്ന് തുടക്കമായി
ഓണത്തിന് മുന്‍പായി കോവിഡ് വ്യാപനത്തിനെതിരായി പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഇടുക്കി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കമായി. പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫും അനിമേഷന്‍ വീഡിയോ, പോസ്റ്റര്‍ എന്നിവയുടെ പ്രകാശനവും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു.
ആഗസ്റ്റ് 16 മുതല്‍ 20 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി സുരക്ഷിതമായ ഓണാഘോഷം ലക്ഷ്യമിട്ടാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ഡിജിറ്റല്‍ ബോധവത്ക്കരണ വാഹനം ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തും.
വാഹനത്തില്‍ കോവിഡ് പ്രതിരോധ സന്ദേശങ്ങളടങ്ങിയ ഡിജിറ്റല്‍ പോസ്റ്ററുകള്‍, എല്‍.ഇ.ഡി.വാള്‍, ആനിമേഷന്‍ വീഡിയോകള്‍, കോവിഡ് പ്രതിരോധ കുത്തിവയ്പിന് ആദിവാസികളെ പ്രേരിപ്പിക്കുന്നതിനായി തയ്യാറാക്കിയ ലഘു സിനിമ എന്നിവയുടെ പ്രദര്‍ശനവും സജ്ജമാക്കിയിട്ടുണ്ട്.ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, മാസ്സ് മീഡിയ ഓഫീസര്‍ അനില്‍ കുമാര്‍, ജില്ലാ കോ-ഓർഡിനേറ്റർ ജിജില്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.