രാജ്യം ബഹുമതികൾ നൽകി ആദരിക്കുന്നവരുടെ കൂട്ടത്തിൽ ഗിന്നസുകാരെയും പരിഗണിക്കണം; ആഗ്രഹ്
കട്ടപ്പന: കലാ കായിക മേഖലകളിൽ മികവ് തെളിയിച്ചവരെ രാജ്യം ബഹുമതികൾ നൽകി ആദരിക്കുന്നത് പോലെ സ്വപ്രയത്നത്താൽ വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി രാജ്യത്തിന്റെ യശസുയർത്തി ലോകത്തിന്റെ നെറുകയിൽ എത്തിയ ഗിന്നസ് നേട്ടം കൈവരിച്ച വരെയും രാജ്യം അംഗീകാരങ്ങൾ നൽകി ആദരിക്കണമെന്ന് ഗിന്നസ്റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ്) യുടെസംസ്ഥാന കമ്മിറ്റിയോഗംആവശ്യപ്പെട്ടു.
നിലവിൽ 66 വർഷത്തെ ഗിന്നസ് ചരിത്രത്തിൽ കേരളത്തിൽ നിന്നും വ്യക്തിഗത ഇനത്തിൽ ഇടംപിടിച്ചവർ നിത്യഹരിത നായകൻ പ്രേം നസീർ ഉൾപ്പെടെ 44 പേരാണ്. സംഘടനയുടെ രക്ഷാധികാരി ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്ത യോഗത്തിൽ മാർത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ ജീവിതത്തെ ആസ്പദമാക്കി 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്ത് 2019 ൽ ഗിന്നസ് നേടിയ സിനിമ സംവിധായകൻ ബ്ലസി മുഖ്യാതിഥിയായിരുന്നു. ഗൂഗിൾ മീറ്റിൽലൂടെ നടത്തിയ ചടങ്ങിൽ പ്രസിഡന്റ് പ്രജീഷ് കണ്ണൻ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഗിന്നസ് റെക്കോർഡ് നേടിയ ശാന്തി സത്യൻ, ജോൺ പോൾ, കെ.കെ. സിനാൻ. അജിത്, ഡോ. മനോജ്, വിഷ്ണു, ഡോ. തോമസ്ജോർജ് എന്നിവരെ യോഗം അനുമോദിച്ചു.
ട്രഷറർ സുനിൽ ജോസഫ് മോഡറേറ്ററായിരുന്നു. സത്താർ ആദൂർ, ലത കളരിക്കൽ എന്നിവർ സംസാരിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രജീഷ് കണ്ണൻ (പ്രസിഡന്റ്), സത്താർ ആദൂർ (ജനറൽ സെക്രട്ടറി), സുനിൽ ജോസഫ് (ട്രഷറർ) എന്നിവരെയും ഡോ. മാടസ്വാമി, ലത കളരിക്കൽ (വൈസ് പ്രസിഡന്റ് ), ജോബ് പൊറ്റാസ്, റെനീഷ് ദാവ, സെയ്തലവി, വിജിത രതീഷ് (ജോ. സെക്രട്ടറി ), രക്ഷാധികരികൾ ഗിന്നസ് പക്രു, ബ്ലെസി എന്നിവരെയും, തെരഞ്ഞെടുത്തു.