എം.സി കട്ടപ്പന ഒന്നാം ചരമവാർഷികവും നാടകാവതരണവും


കട്ടപ്പന: പ്രശസ്ത നാടക,സിനിമ അഭിനേതാവും സംസ്ഥാന നാടക അവാർഡ് ജേതാവുമായിരുന്ന എം.സി കട്ടപ്പനയുടെ ഒന്നാം ചരമവാർഷികവും നാടകാവതരണവും മെയ് 14ന് വൈകിട്ട് നാല് മുതൽ കട്ടപ്പന
ഡി.എസ്.ഐ ഓഡിറ്റോറിയത്തിൽ നടക്കും. കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എം.സി.യുടെ സംഭാവനകൾ രേഖപ്പെടുത്തിയ “തിരശീല വീഴാത്ത ഓർമ്മകൾ”എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. നടിയും നാടക സംവിധായികയുമായ ജെ.ശൈലജ എം.സി അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത നാടക പ്രവർത്തകൻ ആർട്ടിസ്റ്റ് സുജാതൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.നാടക സംവിധായകൻ മനോജ് നാരായണൻ പുസ്തകം ഏറ്റുവാങ്ങും.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അദ്ധ്യക്ഷത വഹിക്കും. വിവിധ കലാ, സാംസ്കാരിക,സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.തുടർന്ന് സംഗീത നാടക അക്കാദമിയുടെ നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന ദർശനയുടെ നാടകം സെനീബ് അവതരിപ്പിക്കുമെന്നും സംഘാടക സമിതി
ഭാരവാഹികളായ അഡ്വ.കെ.ജെ. ബെന്നി,സിജു ചക്കുംമൂട്ടിൽ, ഇ.ജെ.ജോസഫ്, മോബിൻ മോഹൻ, എസ്.സൂര്യലാൽ എന്നിവർ അറിയിച്ചു.