‘KPCC അധ്യക്ഷപദവിയിൽ നിന്ന് മാറില്ല’; പരസ്യ പ്രസ്താവനയിലൂടെ ചെക്ക് വെച്ച് കെ സുധാകരൻ


കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറാൻ തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമുള്ള കെ സുധാകരന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റി പകരം മറ്റൊരു നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും തീരുമാനം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്.
കണ്ണൂരിൽ നിന്നുള്ള എംപികൂടിയായ കെ സുധാകരനെ എഐസിസി സെക്രട്ടറിയാക്കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കവും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം കെ സുധാകരനെ അടിയന്തിരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇക്കാര്യം പറഞ്ഞത്. എന്നാൽ നിർദേശത്തോട് അനുകൂലമായല്ല, സുധാകരൻ പ്രതികരിച്ചത്. ഹൈക്കമാന്റ് നിർദേശിച്ചാൽ എല്ലാ പദവിയും ഒഴിയാമെന്നും, എന്നാൽ എഐസിസി സെക്രട്ടറി സ്ഥാനത്തേക്ക് താല്പര്യമില്ലെന്നുമാണ് സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒരിക്കൽ കൂടി സുധാകരനുമായി ചർച്ച നടത്താൻ ദീപാദാസ് മുൻഷി കേരളത്തിൽ എത്തിയിട്ടുണ്ട്.
കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും കോൺഗ്രസിന് ഒരുപോലെ നിർണായകമാണ്. കഴിഞ്ഞ ഒൻപതുവർഷമായി കേരളത്തിൽ കോൺഗ്രസിന് ഭരണമില്ല. ഒരു ടേം കൂടി ഭരണമില്ലാത്ത അവസ്ഥയുണ്ടായാൽ കോൺഗ്രസിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവും. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരാളെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് പൊതുവെ ഉയർന്നിരിക്കുന്ന നിർദേശം. കേരളത്തിൽ ഭരണം പിടിക്കണമെങ്കിൽ വ്യക്തമായ പദ്ധതികൾ തയ്യാറാക്കണമെന്നാണ് ഒരുവിഭാഗം നേതാക്കൾ ഹൈക്കമാന്റിനു മുന്നിൽ സമർപ്പിച്ചിരിക്കുന്ന നിർദേശം.
ഗുജറാത്ത് എഐസിസി സമ്മേളനം സമാപിച്ച് ഇരുപത്തിയൊന്നു ദിവസം പിന്നിട്ടിട്ടും കേരളത്തിലെ കെപിസിസി, ഡിസിസി പുന:സംഘടനയുമായി മുന്നോട്ടുപോവാൻ കഴിയാതിരിക്കുകയാണ്. ഇതോടെ ദേശീയ നേതൃത്വവും ആശങ്കയിലാണ്. നേതാക്കൾക്കിടയിൽ സമവായം ഉണ്ടാക്കാൻ പറ്റാതെ വന്നതും എഐസിസിയെ ആശങ്കപ്പെടുത്തുന്നുണ്ട്. കേരളത്തിൽ അടിയന്തരമായി ഡിസിസി പു:നസംഘടനാ നടപടികൾ ആരംഭിക്കണമെന്നാണ് എഐസിസിയുടെ നിർദേശം.
പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷമായിട്ടും പുനസംഘടന നടത്താൻ കഴിയാത്തത് വലിയ തിരിച്ചടിയാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. കെപിസിസിയിലും ഡിസിസികളിലും പുനസംഘടന നടത്തിയാൽ മാത്രമേ സംഘടനാ ശേഷി തിരിച്ചുപിടിക്കാൻ കഴിയൂ എന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻവിജയം നേടാൻ കഴിഞ്ഞിരുന്നു. ഇതോടെ കോൺഗ്രസ് വലിയ ആത്മവിശ്വാസത്തിലായി. ഇതോടെയാണ് മുഖ്യമന്ത്രി ആരാവുമെന്നുള്ള ചർച്ചകളും വിവാദങ്ങളിലേക്കും കോൺഗ്രസ് നേതാക്കൾ വഴിമാറിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ സംഘടനാ സംവിധാനം നിശ്ചലമാണ്. ഈ സാഹചര്യത്തെ എങ്ങിനെ മറികടക്കുമെന്ന് നേതാക്കൾക്കും വ്യക്തതയില്ല.
ചില ഉന്നത നേതാക്കൾ എഐസിസി നേതൃത്വത്തെ നേരിൽകണ്ട് പാർട്ടിക്ക് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയ സാഹചര്യമാണുള്ളത്. എന്നാൽ കോൺഗ്രസിന്റെ സംഘടനാ ശേഷം ദുർബലമായി തുടർന്നാൽ വൻ തിരിച്ചടിയാണ് ഉണ്ടാവുകയെന്നാണ് ഇവർ ആരോപിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുൻഷിയോട് പുനസംഘടനയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾക്ക് മുൻപ് ദീപാദാസ് മുൻഷി നേതാക്കളെ നേരിൽ കണ്ട് പുനസംഘടനാ വിഷയം ചർച്ച ചെയ്തിരുന്നു.
കെ സുധാകരന്റെകൂടി അനുമതിയോടെയായിരിക്കണം നേതൃമാറ്റമെന്നാണ് എഐസിസിയുടെ തീരുമാനം. കെ സുധാകരനുമായി എഐസിസി നേതൃത്വം പലതവണ ചർച്ചകൾ നടത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുധാകരനെ മാറ്റാനായിരുന്നു പ്ലാൻ. എന്നാൽ തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയതോടെ എഐസിസി വെട്ടിലായി. സുധാകരനെ പിണക്കിയുള്ള നേതൃമാറ്റത്തിന് ദേശീയ നേതൃത്വം തൽക്കാലം ഒരുക്കമല്ല.
ഗുജറാത്ത് സമ്മേളനത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടുവെങ്കിലും പ്രത്യേകിച്ച് ഒരു നടപടിയും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആരോപണം. വയനാട്, ചേലക്കപൃര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം പുനസംഘടന ഉണ്ടാവുമെന്നായിരുന്നു സംഘടനാ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. നേതൃമാറ്റത്തെകുറിച്ച് കെസിയും പ്രതികരിക്കുന്നില്ല.
എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുൻഷി കേരളത്തിലെ കോൺഗ്രസിനുള്ളിലെ അനൈക്യമാണ് പ്രധാനമായും ഹൈക്കമാന്റിനെ ധരിപ്പിച്ചിരിക്കുന്നത്. നേതാക്കൾക്കിടയിൽ ഐക്യമുണ്ടാക്കിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാറ്റം ഉണ്ടായാൽ അത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തിയത്. ആന്റോ ആന്റണി, ബെന്നി ബഹനാൻ, മാത്യു കുഴൽനാടൻ തുടങ്ങിയവരുടെ പേരുകൾ കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഒപ്പം കൊടിക്കുന്നിൽ സുരേഷും കെ പി സി സി അധ്യക്ഷസ്ഥാനത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാകുമ്പോൾ പകരക്കാരനായി ഒരുവിഭാഗം നേതാക്കൾ കൊടിക്കുന്നിലിന്റെ പേരായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. ദലിത് വിഭാഗത്തിൽ നിന്ന് ഒരാൾ കെ പി സി സി അധ്യക്ഷനായി വരുന്നത് കേരളത്തിലെ ദലിത് വോട്ടുകൾ നേടാൻ കോൺഗ്രസിനെ സഹായിക്കുമെന്നായിരുന്നു വാദം. കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി നടത്തിയ കൂടിക്കാഴ്ചകളെല്ലാം ലക്ഷ്യം കാണാതെ വന്നതോടെ നേതാക്കളും ആശങ്കയിലാണ്.
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും സുധാകരനെ അടിയന്തിരമായി മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും പകരം ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തിൽ അധ്യക്ഷസ്ഥാനത്തേക്ക് ആരുവന്നാലും എതിർപ്പുകൾ ശക്തമാവുമെന്ന ആശങ്ക എ ഐ സി സി നേതൃത്വത്തിനുമുണ്ട്. ഇതാണ് സമവായത്തിലൂടെ നേതൃമാറ്റം എന്ന നിലപാട് സ്വീകരിക്കാൻ കാരണം.